Sun. Dec 22nd, 2024
കണ്ണൂർ:

സാങ്കേതിക വിദ്യയുടെ സാധ്യതകൾ സമൂഹത്തിന്റെ സമസ്ഥ മേഖലകളിലേക്കും വ്യാപിക്കുകയാണ്. അതിനിതാ മറ്റൊരുദാഹരണം കണ്ണൂരിൽ നിന്ന്. കണ്ണൂരിലെ കിവീസ് ഹോട്ടലിലാണ് മാറുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ട് വരുന്നത്. ഇവിടെ ഭക്ഷണം വിളമ്പുന്നത് റോബോട്ടുകളാണ്. സാങ്കേതികവിദ്യ അനുദിനം മാറിമറിയുമ്ബോള്‍ തീന്‍മേശയില്‍ ഭക്ഷണം വിളമ്പിത്തരാന്‍ റോബോട്ടുകളെത്തുന്ന കാര്യം നാമെല്ലാം സങ്കല്‍പ്പിച്ചിരുന്നെങ്കിലും ഇത്രവേഗം യാഥാര്‍ഥ്യമാവുമെന്നു കരുതിയിരുന്നില്ല. വ്യാപാരം പൊടിപൊടിക്കാന്‍ സാങ്കേതിക വിദ്യയെ ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കുകയാണ് കണ്ണൂര്‍ എസ്‌എന്‍ പാര്‍ക്ക് റോഡിന് സമീപം ആരംഭിക്കുന്ന ‘ബീ അറ്റ് കിവീസോ’ റസ്‌റ്റോറന്റ് അധികൃതര്‍.

റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന, കേരളത്തിലെ തന്നെ ആദ്യ റസ്‌റ്റോറന്റ് എന്ന പദവിയാണ് ‘ബീ അറ്റ് കിവീസോ’ എന്ന സ്ഥാപനത്തെ കാത്തിരിക്കുന്നത്. ജൂലൈ 14 ന് ചലചിത്രതാരം മണിയന്‍പിള്ള രാജുവാണ് റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്യുന്നത്. സെന്‍സറിന്റെ സിഗ്‌നല്‍ അറിഞ്ഞ് റോബോട്ടുകളായ ജയിനും അലീനയും യന്ത്രക്കൈകള്‍കൊണ്ടാണ് ഭക്ഷണം വിളമ്പുക. ചൈനയില്‍ നിന്നെത്തിച്ച്‌ ഇന്ത്യയില്‍ അസംബ്ലിങ് നടത്തി മൂന്ന് റോബോട്ടുകളാണ് ഇവിടെയുള്ളത്. ഹോട്ടലിലെത്തുന്ന കുട്ടികള്‍ക്ക് വിനോദത്തിനായി ഒരു കുട്ടി റോബോട്ടുകൂടി ഉടനെത്തും. അടുക്കളയില്‍ നിന്ന് റോബോട്ടിന്റെ കൈയില്‍ കൊടുത്തുവിടുന്ന ഭക്ഷണം കൃത്യമായി ടേബിളില്‍ എത്തിച്ചു നല്‍കുന്ന വിധത്തിലാണ് പ്രോഗ്രാമിങ്ങാണ് നടത്തിയിട്ടുള്ളത്.

വളപട്ടണം സ്വദേശിയും സിവില്‍ എന്‍ജിനിയറുമായ സി. വി. നിസാമുദ്ദീന്‍, ഭാര്യ സജ്മ, ഐ.ടി. എന്‍ജിനിയര്‍ പള്ളിക്കുന്ന് സ്വദേശി എം.കെ. വിനീത് എന്നിവരാണ് പുത്തന്‍ ആശയത്തിനു പ്രായോഗിക രൂപം നല്‍കിയത്. കിവിസോ എന്ന പേരില്‍ ഡിസൈന്‍ ചെയ്ത ഫുഡ് ടെക്‌നോളജി ആപ്ലിക്കേഷന്റെ പുതിയ പദ്ധതിയാണ് റോബോട്ട് റസ്‌റ്റോറന്റ്. ഉദ്ഘാടനം കഴിയുന്നതോടെ കണ്ണൂരുകാര്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ പലയിടത്തുനിന്നും റോബോട്ടില്‍നിന്നു വിരുന്നൂട്ടാന്‍ കൊതിച്ച്‌ ഇവിടെയെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇന്ത്യയിലെ ആദ്യത്തെ റോബോട്ട് ജോലിചെയ്യുന്ന സ്ഥാപനം ചെന്നൈയിലെ മോമോ റസ്‌റ്റോറന്റാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത റോബോട്ടുകളാണ് ഇവിടെയും ഉപയോഗിച്ചത്. ഓരോ ടേബിളിലും ഒരു ടാബ്‌ലറ്റുണ്ടാവും. ഉപഭോക്താക്കള്‍ അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ ഐപാഡ് മുഖാന്തരം ഓര്‍ഡര്‍ ചെയ്യുകയാണു വേണ്ടത്. അല്‍പ്പസമയത്തിനു ശേഷം ഭക്ഷണലിസ്റ്റ് അടുക്കളയില്‍ സന്ദേശമായി എത്തും. ഇതനുസരിച്ച്‌ തയ്യാറായ ഭക്ഷണം റോബോട്ടുകള്‍ ഉപഭോക്താവിന്റെ മുന്നില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ജപ്പാനിലും ബംഗ്ലാദേശിലും പാശ്ചാത്യരാജ്യങ്ങളിലും റെസ്‌റ്റോറന്റുകളില്‍ ഇത്തരത്തില്‍ റോബോട്ടുകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

By Ishika

Leave a Reply

Your email address will not be published. Required fields are marked *