Thu. Dec 19th, 2024
തെലുങ്കാന:

തെലുങ്കാനയില്‍ റവന്യു ഉദ്യോഗസ്ഥയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃത സ്വര്‍ണ്ണവും പണവും കണ്ടെടുത്തു. രങ്കറെഡ്ഡി ജില്ലാ തഹസീല്‍ദാര്‍ വി. ലാവണ്യയുടെ വീട്ടില്‍ നിന്നാണ് 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണ്ണവും കണ്ടെടുത്തത്. രണ്ടുവര്‍ഷം മുന്‍പ് തെലുങ്കാന സര്‍ക്കാര്‍ മികച്ച തഹസീല്‍ദാര്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ച ആളാണ് ലാവണ്യ. തെലുങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണവും പണവും കണ്ടെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

ഭൂമി രേഖകളിലെ തെറ്റ് തിരുത്തി നല്‍കുന്നതിന് ഒരു കര്‍ഷകരില്‍നിന്ന് ഇവര്‍ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതിക്കു പിന്നാലെയായിരുന്നു വീട്ടില്‍ റെയ്ഡ് നടത്തിയത്. ഹൈദരാബാദിലെ ഹയാത്ത് നഗറിലെ ഇവരുടെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്. രേഖകളില്‍ പിഴവ് വന്നതിനെത്തുടര്‍ന്ന് തിരുത്തി കിട്ടുന്നതിന് അധികൃതരെ സമീപിച്ചപ്പോള്‍ 8 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അഞ്ച് ലക്ഷം ജില്ലാ റവന്യൂ ഓഫീസര്‍ക്കും മൂന്നുലക്ഷം വി.ആര്‍.ഒ യ്ക്കും നല്‍കിയെന്നാണ് കര്‍ഷകന്റെ ആരോപണം.

ഭൂമിരേഖയിലെ തെറ്റുകള്‍ തിരുത്തി തരണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ തഹസില്‍ദാരുടെ കാലില്‍ വീഴുന്ന വീഡിയോ നേരത്തെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. വില്ലേജ് ഓഫീസര്‍ 30,000 രൂപ ചോദിച്ചെന്ന തഹസില്‍ദാറോട് പറയുന്നതും വിഡിയോയിലുണ്ട്.അതേസമയം, റെയ്ഡിനു ശേഷം അഴിമതി വിരുദ്ധ വിഭാഗം ലാവണ്യയെ ചോദ്യം ചെയ്‌തെങ്കിലും കൈക്കൂലി വാങ്ങിയെന്ന ആരോപണം തഹസീല്‍ദാര്‍ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *