Mon. Dec 23rd, 2024
കാസര്‍കോഡ്:

സർക്കാർ മെറിറ്റ് സ്കോളർഷിപ്പ് നിഷേധിച്ചതിനാൽ ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്സിറ്റിയിലുള്ള പി.എച്.ഡി പഠനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് കാസര്‍കോഡ് കൊളിച്ചാല്‍ സ്വദേശിയായ ഒരു പട്ടികവർഗ്ഗ വിദ്യാർത്ഥി. ഫോറൻസിക് ലിംഗയ്സ്റ്റിക്സ്, സൈക്കോ-ലിംഗയ്സ്റ്റിക് ആന്ത്രോപോളജി എന്നിവയിൽ റിസർച് സ്കോളർ ആയ ബിനീഷ് ബാലൻ ആണ് സർക്കാരിന്റെ ചുവപ്പു നാടകളിൽ കുടുങ്ങി അധികാരികളുടെ നീതി നിഷേധം മൂലം അർഹമായ സ്കോളർഷിപ്പ് ലഭിക്കാതെ തുടർ പഠനം പ്രതിസന്ധിയിലായിരിക്കുന്നത്.

ഏറെ കഷ്ടപ്പാടുകള്‍ പിന്നിട്ടാണ് കാസര്‍കോഡ് കൊളിച്ചാല്‍ 18-ാം മൈല്‍ സ്വദേശിയായ ബിനേഷ് സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അസുഖ ബാധിതരായി അച്ഛന്‍ ബാലനും അമ്മ ഗിരിജയും കിടപ്പിലായതോടെ കൂലിപ്പണിയെടുത്താണ് ഡിഗ്രിവരെ ബിനേഷ് പഠനത്തിന് പണം കണ്ടെത്തിയത്. കാസര്‍കോട് സെന്റ് ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഡെവലപ്മെന്റ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കേരള യൂണിവേഴ്സ്റ്റിയില്‍ നിന്ന് എച്ച് .ആര്‍ മാര്‍ക്കറ്റിംഗില്‍ എം.ബി.എയും ബിനേഷ് നേടിയെടുത്തത് സ്വപ്രയത്നം കൊണ്ടാണ്.

മെറിറ്റില്‍ കിട്ടിയ പഠനാവസരം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ സ്കോളര്‍ഷിപ്പ് അനുവദിച്ച് നല്‍കണമെന്ന് യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി പി.കെ ജയലക്ഷ്മിക്കാണ് ബിനീഷ് ആദ്യം അപേക്ഷ നല്‍കിയത്. മന്ത്രി നല്‍കിയ ഉത്തരവ് പാലിക്കാതെ ഉദ്യോഗസ്ഥര്‍ പൂഴ്ത്തി. വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് അനുവദിച്ച സ്കോളര്‍ഷിപ്പ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മന്ത്രി എ. കെ ബാലന്‍ ഇടപെട്ട് വീണ്ടും അനുവദിച്ചു. വിഷയത്തില്‍ മന്ത്രി എ. കെ ബാലന്‍റെ ഇടപെടല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മന്ത്രിയുടെ ഉത്തരവ് പോലും ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചു.

പിന്നീട് മന്ത്രി വീണ്ടും ഇടപെട്ടതോടെ ധനസഹായം ബിനീഷിന് ലഭിച്ചു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പും ബിനീഷിന് ലഭിച്ചു. ഈ ബഹുമതി നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടിക വര്‍ഗ്ഗക്കാരനായാണ് ബിനീഷ് ലണ്ടനിലെത്തിയത്. സര്‍ക്കാര്‍ ധനസഹായം ലഭിച്ച് ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്സിറ്റി യില്‍ നരവംശശാസ്ത്രത്തില്‍ പി.എച്ച്.ഡി പഠനം പുരോഗമിക്കുന്നതിനിടെയാണ് മെറിറ്റ് സ്കോളർഷിപ്പ് നിരസിച്ചുകൊണ്ടുള്ള ജോയിന്‍റ് സെക്രട്ടറിയുടെ ഉത്തരവ് ഇപ്പോള്‍ ബിനീഷിന് ലഭിക്കുന്നത്.

 

അനുവദിച്ച ധനസഹായത്തുക പൂര്‍ണമായും ബിനീഷിന് നല്‍കിയിട്ടുണ്ടെന്നും വിദേശപഠനത്തിനുള്ള ധനസഹായം 25 ലക്ഷം രൂപയുടേതാണെന്നുമാണ് സർക്കാർ പറയുന്ന ന്യായ വാദം. “ബിനീഷ് ആവശ്യപ്പെട്ടത് 29 ലക്ഷംരൂപയോളമാണ്. വിദേശപഠന പദ്ധതിക്ക് ചില മാനദണ്ഡങ്ങളുണ്ട്. അത് ബിനീഷിന്‍റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ പ്രത്യേക കേസായി പരിഗണിച്ചായിരുന്നു ബിനീഷിന് ധനസഹായം നല്‍കിയത്. എന്നാല്‍ അനുമതി നല്‍കിയ കോഴ്സിനോ വിദ്യാഭ്യാസ സ്ഥാപനത്തിലോ അല്ല ബിനീഷ് പഠിക്കുന്നതെന്നുമാണ്” മന്ത്രിയുടെ ഓഫീസ് പറയുന്നത്.

എന്നാൽ 2017ലെ ഓവര്‍സീസ് സ്കോളര്‍ഷിപ്പ് അടിസ്ഥാനമാക്കിയാണ് ബിനീഷ് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടുള്ളത്. പക്ഷെ ഉദ്യോഗസ്ഥര്‍ അപേക്ഷ സ്കോളര്‍ഷിപ്പ് ഗണത്തില്‍ അല്ല സാമ്പത്തിക സഹായമെന്ന നിലയിലാണ് പരിഗണിച്ചതെന്നാണ് ബിനീഷ് പറയുന്നത്. മെറിറ്റിന് അര്‍ഹതയുള്ളതുകൊണ്ടാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുക. ഇതെങ്ങനെയാണ് സാമ്പത്തിക സഹായമായി കണക്കാക്കുകയെന്ന് ബിനീഷ് ചോദിക്കുന്നു. ഉദ്യോഗസ്ഥർക്ക് സാമ്പത്തിക സഹായവും, മെറിറ്റും, കൺസഷനും തമ്മിലുള്ള സാമാന്യമായ വ്യത്യാസം പോലും അറിയില്ലെന്ന് ബിനീഷ് കുറ്റപ്പെടുത്തുന്നു.

2017 ലും നീണ്ടൊരു പോരാട്ടത്തിനൊടുവിലാണ് ബിനീഷിനു ലണ്ടനിൽ പഠിക്കാൻ അവസരം ലഭിച്ചത്. ബ്യൂറോക്രാറ്റുകളുടെ ജാതി അധിഷേപത്തിലും അവഗണനയിലും മാറിമാറി വന്ന സര്‍ക്കാരുകളുടെ മോഹന വാഗ്ദാനങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അനുവധിച്ച ധനസഹായം ലഭിക്കാൻ ബിനീഷിനു കുറെ കാത്തിരിക്കേണ്ടി വന്നു.

ഒരു ആദിവാസിയായത് കൊണ്ടാണ് അവരെനിക്ക് ധനസഹായം നിഷേധിച്ചതെന്നും,സെക്രട്ടട്ടറിയേറ്റില്‍ അര്‍ഹതപ്പെട്ട ആനുകൂല്യത്തിനായി ചെന്ന എന്നെ അവര്‍ അവഗണനയോടെയാണ് കണ്ടതെന്നും, ഒരു മന്ത്രിയുടെ, സര്‍ക്കാരിന്റെ തീരുമാനത്തിന് പോലും ഉദ്യോഗസ്ഥര്‍ വില കല്‍പ്പിക്കാത്ത് തന്നെ ഞെട്ടിച്ചുവെന്നും അന്ന് ബിനീഷ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *