തിരുവനന്തപുരം :
കേരളത്തിൽനിന്നു കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കുറിച്ചു ഇനിയും വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാതെ കുഴങ്ങുകയാണ് കേരള പോലീസ്. കേരളത്തിലെത്തി നൂറിലേറെ ദിവസം കഴിഞ്ഞെന്നതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. ശംഖുംമുഖം എ.എസ്.പി ആര്. ഇളങ്കോയുടെ നേതൃത്വത്തിലാണു പ്രത്യേകസംഘം അന്വേഷണം നടത്തുന്നത്. കേസിന്റെ പ്രാധാന്യം പരിഗണിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്.
അതിനിടെ ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോൾ യെലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യപ്രകാരമാണു നോട്ടീസ്.
മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നു കാട്ടിയാണു മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയത്. പരാതി ഡി.ജി.പി ക്കു കൈമാറി. ശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു.
ലിസയുടെ കൂടെ തലസ്ഥാനത്തെത്തിയ ബ്രിട്ടീഷ് പൗരന് മുഹമ്മദ് അലി മാര്‍ച്ച് അഞ്ചിന് മടങ്ങിയിരുന്നു. ഇയാളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇയാൾ ലിസയുടെ കാമുകനായിരുന്നെന്ന് അമ്മ അറിയിച്ചിട്ടുണ്ട്. വിദേശ എംബസിയുടെ സഹായത്തോടെ ഇയാള്‍ നാട്ടില്‍ തിരികെയെത്തിയോയെന്ന് അന്വേഷിച്ച് വിവരം ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. മുഹമ്മദ് അലി ഇപ്പോൾ ഇവിടെയാണെന്നതു സംബന്ധിച്ചു പോലീസിനു വിവരമില്ല.ഇയാൾ മാർച്ചിൽ കൊച്ചിയിൽനിന്നു തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം.
കൂടാതെ തിരുവനന്തപുരം വഴിയല്ലാതെ മറ്റേതെങ്കിലും വിമാനത്താവളം വഴി ലിസ തിരികെപ്പോയോ എന്നും അന്വേഷിക്കുന്നുണ്ട്. ലിസ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കൊല്ലത്തെ അമൃതാനന്ദമയീ ആശ്രമത്തിന്റെ വിലാസമാണ് യുവതിയുടെ യാത്രാ രേഖകളിലുണ്ടായിരുന്നത്. അതിനാല്‍ ആശ്രമത്തില്‍ എത്തിയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ആശ്രമത്തില്‍ എത്തി അന്വേഷിച്ചെങ്കിലും ഇവിടെയെത്തിയില്ലെന്നാണ് മൊഴി ലഭിച്ചത്.ലിസയ്ക്കായി മതപാഠശാലകളിലും മറ്റും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.