കൊച്ചി :
ഇരുചക്രവാഹനത്തിന്റെ പിറകിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കർശനമാക്കുന്നു. ഇതുപോലെ കാറുകളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കി.
നിയമം മുൻപ് തന്നെ ഉണ്ടെങ്കിലും ആരും തന്നെ പാലിക്കുന്നുണ്ടായിരുന്നില്ല. അതിനെ തുടർന്നാണ് ഇപ്പോൾ കൂടുതൽ കർശനമാക്കിയത്. നിയമം ലംഘിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.
ഏകദേശം നാലര വർഷങ്ങൾക്കു മുൻപ് സുപ്രീം കോടതി ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെച്ചത്. ഇതാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നിയമം തെറ്റിക്കുന്നവരെ കണ്ടെത്താൻ വേണ്ട നടപടികൾ ഉടൻ തന്നെ കർശനമായി നടപ്പിലാക്കണമെന്ന് നിർദേശിച്ചുകൊണ്ട് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
2015 ലാണ് സുപ്രീം കോടതി നിയോഗിച്ച, കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ റോഡ് സുരക്ഷാ സമിതി സംസ്ഥാനങ്ങളോട് സീറ്റ് ബെൽറ്റും ഹെൽമെറ്റും പിറകിലെ യാത്രക്കാർക്കും നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്നു മാസം സസ്‌പെൻഡ് ചെയ്യുമെന്നാണ് കമ്മീഷൻ ശുപാർശ ചെയ്തത്.
കൊച്ചിയിലെ ജനങ്ങൾ ഈ പരിഷ്കരണത്തോട് സമ്മിശ്രമായാണ് പ്രതികരിച്ചത്. കൊച്ചിയിലെ ഒരു റെസ്റ്റാറ്റാന്റിലെ ജീവനക്കാരനായ ആൽബിൻ ഈ നിയമത്തോട് പൂർണമായും യോജിക്കുകയാണ്. “ഭാര്യയും മക്കളുമായാണ് ഞാൻ ബൈക്കിൽ സഞ്ചരിക്കാറുള്ളത്. ഞാൻ ബൈക്കിൽ നിന്നു വീണാൽ എന്തു സംഭവിക്കുമോ അതു തന്നെയാണ് അവർക്കും സംഭവിക്കുക. ആയതിനാൽ നിർബന്ധമായും ഇത്തരം നിയമങ്ങൾ വേണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്.” ആൽബിൻ പറയുന്നു.
“ഇവിടെ ബൈക്ക് ഡ്രൈവറിനു പോലും ഹെൽമെറ്റ് വെക്കാൻ സാധിക്കുന്നില്ല, അപ്പോഴാണ് പിന്നിലെ യാത്രക്കാരൻ! വണ്ടികളിൽ ഒന്നും തന്നെ രണ്ടു ഹെൽമെറ്റ് സൂക്ഷിക്കാനായുള്ള സംവിധാനം ഇല്ല. മാത്രമല്ല എപ്പോഴും ഹെൽമെറ്റ് കൊണ്ട് നടക്കേണ്ടി വരും” മുബഷീരും രാഹുലും പറഞ്ഞു.
ഹെൽമെറ്റ് ഒക്കെ കൊള്ളാം പക്ഷെ അതിനു മുൻപ് പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നേരെയാക്കു എന്നാണ് കാർ സെന്ററിൽ ജോലി ചെയ്യുന്ന മോഹനൻ പറയുന്നത്.” എല്ലാ ദിവസവും വീട്ടിൽ എത്തുമ്പോളേക്കും നടു വേദനയാണ്. ഇത്ര കാലം ജോലി ചെയ്തിട്ടും അതെല്ലാം തന്നെ ആശുപത്രിയിൽ കൊണ്ടുപോയി കൊടുക്കേണ്ട സ്ഥിതിയാണ്. റോഡുകൾ എല്ലാം കുണ്ടും കുഴിയുമായതിനാൽ കൂടെയാണ് ഇത്രയും കൂടുതൽ അപകടങ്ങൾ ഈ നാട്ടിൽ സംഭവിക്കുന്നത്. കൃത്യമായി ടാക്സ് അടച്ചിട്ടും റോഡുകൾ നേരെയാക്കുന്നതിൽ ബന്ധപ്പെട്ട അധികൃതർക്ക് യാതൊരു ശുഷ്കാന്തിയുമില്ല. ഹെൽമെറ്റിന് ഞാൻ എതിരല്ല, പക്ഷെ അതിനു മുന്നേ നേരേയാവേണ്ട എത്രയോ കാര്യങ്ങൾ ഉണ്ട്. അതൊക്കെ ശരിയായാലേ ഇവ കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളു.” മോഹനൻ കൂട്ടിച്ചേർത്തു.
മുൻപ് ഈ പരിഷ്‌കാരം ഋഷി രാജ് സിങ്ങും, സന്ധ്യ ഐ.പി.എസും കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അന്നത്തെ മന്ത്രിമാർ ഇത് അനുവദിച്ചില്ല. ഈ രീതിയിൽ പറ്റുന്ന അപകടങ്ങൾക്ക് യാതൊരു വിധ ഇൻഷുറൻസും ലഭിക്കില്ല.