ന്യൂഡൽഹി :
കഴിഞ്ഞ രണ്ടു വർഷം കോർപ്പറേറ്റുകളിൽ നിന്നും ബി.ജെ.പി ക്കു കിട്ടിയത് 915.59 കോടി രൂപയുടെ സംഭാവനയെന്നു കണക്കുകൾ പുറത്തു വന്നു. 1731 ഇൽ അധികം കോർപ്പറേറ്റുകളിൽ നിന്നാണ് ഈ തുക ബി.ജെ.പി അക്കൗണ്ടിലേക്കു ഒഴുകിയിട്ടുള്ളത്.
പ്രതിപക്ഷത്തുള്ള കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികളേക്കാൾ ഏകദേശം 16 മടങ്ങു തുകയാണ് ബി.ജെ.പി ക്കു വന്നിട്ടുള്ളത്. 2016-നുശേഷം രാഷ്ട്രീയ പാർട്ടികൾക്കായി ലഭിച്ച സംഭാവനകളുടെ 93 ശതമാനവും കൈക്കലാക്കിയതു ബിജെപിയാണ്. കോൺഗ്രസ്സിന് വെറും 55 കോടിയാണ് ലഭിച്ചിട്ടുള്ളത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) രേഖകൾ പരിശോധിച്ചു നടത്തിയ വിലയിരുത്തലിലാണു വിവരങ്ങൾ പുറത്തുവരുന്നത്.
2016-17, 2017-18 സാമ്പത്തിക വർഷത്തിൽ ആറു പാർട്ടികൾക്ക് ആകെ സംഭാവന ലഭിച്ച 985 കോടി രൂപയിൽ 915 കോടിയും ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നത് യാദൃശ്ചികമല്ല. ഇതിൽതന്നെ 405 കോടി ഒരു ട്രസ്റ്റിൽനിന്നു മാത്രമാണ് എത്തിയത്.
20,000-ൽ കൂടുതൽ സംഭാവന നൽകുന്നവരുടെ പൂർണ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറണമെന്നു നിർദേശമുണ്ടെങ്കിലും പാൻ വിവരങ്ങളും ദാതാക്കളുടെ വിലാസവും നോക്കാതെയാണ് സംഭാവനകൾ ശേഖരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.