കൊച്ചി:
രാജ്യത്ത് അടിക്കടിയുണ്ടാവുന്ന പെട്രോൾ വില വർദ്ധനയിൽ പൊറുതിമുട്ടി ജനങ്ങൾ. കഴിഞ്ഞ ദിവസം കേന്ദ്രം വീണ്ടും 2 രൂപ 50 പൈസ കൂടി. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 75 രൂപയ്ക്കടുത്തായി. അടിക്കടിയുണ്ടാവുന്ന വില വർദ്ധനവ് ജനജീവിതം താറുമാറാക്കുന്നു.
“ഇടയ്ക്കിടെ ഇങ്ങനെ വില വർദ്ധിപ്പിക്കുമ്പോൾ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് അത് താങ്ങാനാവുന്നില്ല. വണ്ടി ഉപേക്ഷിച്ച് ഇനിമുതൽ ബസ്സിൽ സഞ്ചരിക്കേണ്ട അവസ്ഥ വരും. മുൻപൊക്കെ 50 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ 2-3 ദിവസം വണ്ടി ഓടിക്കാൻ സാധിക്കാറുണ്ട്. എന്നാൽ ഇപ്പോൾ 80 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ ഒരു ദിവസം പോലും എത്തുന്നില്ല.” പെട്രോളിയം ലോജിസ്റ്റിക്സിന്റെ അദ്ധ്യാപകൻ കൂടെയായ ബിജു പറഞ്ഞു. അന്താരാഷ്ട്രപ്രശ്‍നങ്ങളായിരിക്കാം ഈ വില വർദ്ധനവിന് കാരണമെന്നും മുൻപ് ക്രൂഡോയിൽ വില ഒരു ബാരലിന് നൂറു ഡോളറിനു മുകളിലായിരുന്നു, അന്നാകട്ടെ പെട്രോളിന്റെ വില 40 രൂപയാണ്. എന്നാൽ ഇപ്പോൾ ക്രൂഡ് ഓയിലിന് 90 ഡോളറാണ് വില പക്ഷെ പെട്രോൾ ആവട്ടെ എൺപതിനടുത്തും. ക്രൂഡിന്റെ വിലയ്ക്ക് അനുപാതികമായല്ല പെട്രോളിന്റെ വിലയെന്ന് ബിജു കൂട്ടി ചേർത്തു.
പെട്രോളിന്റെ വില വർദ്ധിക്കുമ്പോൾ ബസ്സിന്റെ നിരക്ക് കൂടുമെന്നാണ് ജയ പറയുന്നത്. അതുപോലെ തന്നെ എൽ.പി.ജി. ഗ്യാസിന്റെ വിലയും, ഇറക്കുമതി ചെയ്യുന്ന എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലയും കൂടുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
കൂടെക്കൂടെ പെട്രോളിന്റെ പൈസ കൂടുമ്പോൾ കിട്ടുന്ന ശമ്പളം കൂടുന്നില്ലയെന്നാണ് ഒരു ഫാർമസി കമ്പനിയിൽ ജോലി ചെയ്യുന്ന ഷിനോജ് പറയുന്നത്. മൂന്നു വർഷത്തിലൊരിക്കലാണ് ശമ്പളം കൂട്ടുന്നത്. അതുവരെ വിലക്കയറ്റം ഉണ്ടാവുമ്പോൾ ഇടിച്ചു നിക്കേണ്ടതുണ്ട് എന്നും ഷിനോജ് പറഞ്ഞു.
ഇവരിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമല്ല ആർക്കും. മൂന്നു വർഷമായി വൈറ്റില ഹബ്ബിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന അനിലയും സമാന അഭിപ്രായക്കാരിയാണ്. മൂന്ന് വർഷം മുൻപ് ജോലിയിൽ കയറുമ്പോൾ അറുപതിനടുത്തായിരുന്നു വിലയെന്നും എന്നാൽ ഇപ്പോൾ ഈ കാലയളവിൽ 15 രൂപയോളം വർദ്ധിച്ചു എന്നും അനില ഓർക്കുന്നു. പെട്രോൾ അടിക്കാൻ ആളുകൾ വന്നാൽ ആദ്യം ചോദിക്കുന്നത് ഇതൊന്ന് നൂറു രൂപ ആക്കികൂടെയെന്നാണ്. വില കൂടുമ്പോൾ വലിയ രീതിയിൽ കൂടുകയും വില ഇടിയുമ്പോൾ വെറും പത്തു പൈസയൊക്കെയാണ് കുറയുന്നത്. ഇതും പ്രശ്നമാണെന്ന് അവർ പറഞ്ഞു.
വാഹനഷോറൂമിലെ ജീവനക്കാരനായ വിവേകും ഏകദേശം ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഇടയ്‌ക്കിടെയുണ്ടാവുന്ന പെട്രോൾ വില വർദ്ധനവ് വാഹനവിപണിയെ കാര്യമായൊന്നും ബാധിച്ചിട്ടില്ലെന്നാണു
തോന്നുന്നതെന്ന് വിവേക് പറഞ്ഞു.
രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ കഷ്ടപ്പെടുന്ന ഇടത്തരക്കാരായ മനുഷ്യരുടെ ജീവിതത്തെയും കുടുംബ ബജറ്റിനെയും താളം തെറ്റിക്കുന്നതാണ് ഇത്തരം തീരുമാനങ്ങൾ.