ന്യൂഡല്‍ഹി:
കര്‍ണ്ണാടകയില്‍ വിമത രാജിയെ തുടര്‍ന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. രാജിക്കത്ത് നല്‍കിയ 13 വിമത എം.എല്‍.എമാരുടെ രാജിയില്‍ സ്പീക്കര്‍ കെ.ആര്. രമശ്കുമാര് ഇന്ന് തീരുമാനമെടുത്തേക്കും. രാജി നല്‍കിയ എം.എല്‍.എമാരെ അയോഗ്യരാക്കി സഖ്യ സര്‍ക്കാറിനെ രക്ഷിച്ചേക്കുമെന്നും സൂചനയുണ്ട്.
എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് സഖ്യ സര്‍ക്കാറിനെതിരെ നിലപാടുമായി രംഗത്തെത്തിയത്. ഭരണസഖ്യത്തിന്റെ രക്ഷാദൗത്യത്തിന് തിരിച്ചടിയായി സ്വതന്ത്ര എം.എല്‍.എ എച്ച്. നാഗേഷും കെ.പി.ജെ.പി അംഗം ആര്. ശങ്കറും തിങ്കളാഴ്ച മന്ത്രിസ്ഥാനം രാജിവെച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇരുവരുടെയും പിന്തുണ ലഭിച്ചതോടെ നിയമസഭയില്‍ ബി.ജെ.പിയുടെ അംഗബലം 107 ആയി. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും 107 പേര്‍ ബി.ജെ.പിക്കും എന്ന നിലയിലായി.
അതേസമയം, മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എം.എല്‍.എമാരെ ഗോവയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. അനുനയത്തിന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്.