കൊച്ചി:
തോപ്പുംപടിയില്‍ ചെരുപ്പ് കടയിലുണ്ടായ തീപിടിത്തത്തില്‍ ഇരുനിലക്കെട്ടിടം കത്തി നശിച്ചു. 35 ലക്ഷം രൂപയുടെ നഷ്ടമാണ് കടയുടമയ്ക്ക് ഉണ്ടായത്. എന്നാല്‍ നഷ്ടങ്ങളെ ഓര്‍ത്ത് വേദനിക്കാതെ ചിരിക്കുന്ന മുഖവുമായാണ് കടയുടമ വോക്കിനോട് പ്രതികരിച്ചത്. ‘ പ്രളയത്തെയൊക്കെ നമ്മള്‍ അതിജീവിച്ചവരല്ലേ , ഇതും അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീപിടിത്തമുണ്ടായി 25 മിനിറ്റ് കഴിഞ്ഞാണ് ഫയര്‍ഫോഴ്‌സ് എത്തിയത്. അത് ദുരന്തത്തിന്റെ ആക്കം കൂട്ടി. നിലവില്‍ കടയ്ക്ക് ഇന്‍ഷുറന്‍സ് ഇല്ല. കട പുതുക്കി പണിയുക മാത്രമാണ് മുന്നിലുളള വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോപ്പുംപടി ജംഗ്ഷനിലുളള മാഴ്‌സണ്‍ ഫുട്‌വെയേഴ്‌സിലാണ് തീപിടിത്തം ഉണ്ടായത്. കട തിങ്കളാഴ്ച രാവിലെ മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രണ്ടാം നിലയിലാണ് ആദ്യം തീ കണ്ടത്. വഴിയെപോയവരാണ് കടയില്‍ തീ പടരുന്നത് കടയുടമയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് ജീവനക്കാരും കടയിലുണ്ടായിരുന്നവരും ഇറങ്ങിയോടി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സമീപ സ്റ്റേഷനുകളില്‍ നിന്നുള്‍പ്പടെ ഒന്‍പത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. രണ്ടാം നിലയിലുണ്ടായിരുന്ന സ്റ്റോക്ക് പൂര്‍ണ്ണമായും, ഒന്നാം നിലയിലേത് ഭാഗികമായും കത്തി നശിച്ചു.രണ്ടാം നിലയിലെ തകര ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച ഒരു ഭാഗത്തേക്ക് വെള്ളമെത്തിക്കാനാവാത്തതായിരുന്നു ഫയര്‍ഫോഴ്‌സ് നേരിട്ട വെല്ലുവിളി. ഇതോടെ ഈ ഭാഗം വെട്ടിപ്പൊളിച്ച് രണ്ടരമണിക്കൂര്‍ എടുത്താണ് തീ പൂര്‍ണ്ണമായും അണച്ചത്.