Wed. Jan 22nd, 2025
ധാക്ക:

 

25 വർഷം മുമ്പ്, ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ, അവരെ ആക്രമിച്ചതിന്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ 9 പ്രവർത്തകർക്ക് വധശിക്ഷയും, 25 പേർക്കു ജീവപര്യന്തം തടവും നൽകാൻ, ബംഗ്ലാദേശിലെ ഒരു കോടതി, ബുധനാഴ്ച ഉത്തരവിട്ടതായി ഫസ്റ്റ്‌പോസ്റ്റ് (Firstpost) റിപ്പോർട്ടു ചെയ്തു. അഡീഷണൽ സെഷൻസ് ജഡ്ജി രുസ്തം അലി, ഇതേ കേസിൽ ഉൾപ്പെട്ട 13 പേർക്ക് 10 വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്.

ബി.എൻ.പി. അദ്ധ്യക്ഷ ഖാലിദ സിയ ആദ്യതവണ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ആക്രമണം നടന്നത്. 1994 സെപ്റ്റംബർ 23 ന് രാജ്യവ്യാപകമായി, ട്രെയിനിൽ സഞ്ചരിച്ച് പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ്, ഷെയ്ഖ് ഹസീന ആക്രമിക്കപ്പെട്ടത്. പബ്‌നയിലെ ഇക്ഷാർദ്ദി എന്ന സ്ഥലത്തുവെച്ചാണു സംഭവം.

റെയിൽ‌വേ പോലീസ് 135 പേർക്കെതിരെ ആ സമയത്ത് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 1996 ൽ അവാമി ലീഗ് സർക്കാർ രൂപീകൃതമായതോടെയാണ്, ബി.എൻ.പി.ഭരണകാലത്ത് ഇഴഞ്ഞുനീങ്ങിയ കേസ് അന്വേഷണം വേഗത്തിലായത്. അന്വേഷണത്തിന്റെ അവസാനം, കുറ്റാരോപിതരായ 52 പേർക്കെതിരെ, പോലീസ് കുറ്റപത്രം സമർപ്പിച്ചു.

വിധി വന്നതിനുശേഷം, ബി.എൻ.പിയിലെ പ്രവർത്തകർ കോടതിയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. അവാമി ലീഗിനെ പിന്തുണയ്ക്കുന്നവരും പ്രവർത്തകരും, വിധിയിൽ സംതൃപ്തരായി ജാഥ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *