Fri. Nov 22nd, 2024
#ദിനസരികള്‍ 805

 

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം വളരെ ഉയര്‍ന്നതാണ്. നമ്മുടെ നാട്ടിലെ 93 ശതമാനം ജനങ്ങളും അക്ഷരാഭ്യാസമുള്ളവരും എഴുതാനും വായിക്കാനും കഴിയുന്നവരുമാണ്. എന്നാലോ ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത അന്ധവിശ്വാസങ്ങളുടെ പിന്നാലെ യാതൊരു മടിയുമില്ലാതെ ഇതേ ജനത തന്നെ പോകുന്നുവെന്നത് ആരേയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് ആലപ്പുഴ രൂപതയുടെ കീഴിലുള്ള കൃപാസനം ധ്യാനകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന തെമ്മാടിത്തരങ്ങള്‍ നോക്കുക. കൃപാസനം പത്രം അരച്ചു ദോശയും ചമ്മന്തിയുമുണ്ടാക്കി കഴിച്ചാല്‍ മരിയന്‍ ഉടമ്പടി പ്രകാരം ചൊറിച്ചില്‍ മുതല്‍ കാന്‍സര്‍ വരെയുള്ള അസുഖങ്ങള്‍ ഭേദമാകുമെന്ന് പ്രചരിപ്പിക്കുകയും വിശ്വസിപ്പിക്കുകയും അതനുസരിച്ച് ജനങ്ങള്‍ പെരുമാറുകയും ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ നിരവധിയായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. അത്തരത്തില്‍ രോഗം മാറിയവരുടെ വചന സാക്ഷ്യങ്ങള്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

രോഗത്തേയും മറ്റു പരാധീനതകളേയും മുന്നില്‍ നിറുത്തി വിശ്വാസി സമൂഹത്തെ ചൂഷണം ചെയ്തുകൊണ്ട് സാമ്പത്തിക ലാഭമുണ്ടാക്കുന്ന ഇത്തരം നിരവധി സ്ഥാപനങ്ങളുണ്ട്. ഒരുളുപ്പും കൂടാതെ അത്തരക്കാര്‍ ആളുകളുടെയിടയിലേക്ക് വന്ന് ഇത്തരം അത്ഭുതങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും മറ്റുള്ളവരെ അവിടേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ജീവിതം മുള്‍മുനയില്‍ നില്ക്കുന്ന രോഗികളായിട്ടുള്ളവര്‍ ആശ്വാസം തേടി അവരുടെ അടുക്കലേക്ക് എത്തിച്ചേരുന്നത് സ്വാഭാവികമാണ്.

പണ്ട് പാപവിമോചന പത്രം ഒപ്പിട്ടു കൊടുത്ത് പണം സമ്പാദിച്ച ഒരു കാലമുണ്ടായിരുന്നു റോമന്‍ സഭയ്ക്ക്. അതേ തരത്തിലുള്ള ചൂഷണം തന്നെയാണ് ഇപ്പോഴും ഇവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിശ്വാസ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യാജ പ്രചാരണം നടത്തി മനുഷ്യന്റെ ദയനീയമായ അവസ്ഥകളെ മുതലെടുക്കുന്ന ഇത്തരത്തിലുള്ള തെമ്മാടിക്കൂട്ടങ്ങളെ നിയമപരായി കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ കൃപാസനം പോലെയള്ള കേന്ദ്രങ്ങള്‍ മുക്കിന് മുക്കിന് മുളച്ചുയരാനുള്ള സാധ്യത ഏറെയാണ്.

Karnataka Prevention and Eradication of Inhuman Evil Practices and Black Magic Bill, 2017 , Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013 എന്നിങ്ങനെ രണ്ടു ബില്ലുകള്‍ നമ്മുടെ അയല്‍ സംസ്ഥാനമായ കര്ണ്ണാടകയും മഹാരാഷ്ട്രയും പാസ്സാക്കിയെടുത്തിട്ടുണ്ട്. അന്ധവിശ്വാസങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ജനത്തെ ചൂഷണം ചെയ്യുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ഇത്തരം നിയമങ്ങള്‍ പരിധിയില്ലാത്ത വിശ്വാസ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു സമൂഹത്തില്‍ വേണ്ടതുതന്നെയാണ്.

കേരളത്തില്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരാന്‍ ഏറ്റവും അനുകൂലമായ സമയമാണ്.
ആധുനിക കാലത്ത് ജനാധിപത്യത്തിന്റെ മൂല്യബോധങ്ങളെന്തൊക്കെയെന്ന് നാം കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തിനുള്ളില്‍ ഏറ്റവും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ട കാലഘട്ടമാണിത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജനതയെ എങ്ങനെയൊക്കെയാണ് പിന്നോട്ട് നടത്തുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ തട്ടുകളിലും വ്യാപിച്ചു നില്ക്കുന്ന ഈ വിധത്തിലുള്ള ചൂഷണങ്ങള്‍ ഇല്ലാതാക്കേണ്ടത് സര്‍ക്കാറിന്റെ ഭരണഘടനാപരമായി ബാധ്യത കൂടിയാണ്.

കുട്ടികളേയും സ്ത്രീകളേയും മന്ത്രവാദത്തിനും അത്തരത്തിലുള്ള മറ്റു വിദ്യകള്‍ക്കും ഉപയോഗിക്കുന്നതിന്റേയും ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റേയുമൊക്കെ നിരവധിയായ വാര്‍ത്തകളാണ് നിത്യേന നമുക്കു ചുറ്റും പുറത്തു വരുന്നത്. മന്ത്രവാദിയുടെ നിര്‍‌ദ്ദേശപ്രകാരം “രോഗി”യെ പട്ടിണിക്കിടുന്നു. വിവിധങ്ങളായ മര്‍ദ്ദനമുറകള്‍ പ്രയോഗിക്കുന്നു. അവസാനം ജീവന്‍ തന്നെ നഷ്ടപ്പെടുന്നു.

ഇതൊന്നും മതപരമോ വിശ്വാസപരമോ ആയ അവകാശങ്ങളല്ല. ആളുകളെ ചൂഷണം ചെയ്യുന്ന ചെപ്പടിവിദ്യകള്‍ മാത്രമാണ്. അനാചാരങ്ങള്‍‌ക്കെതിരെ നീങ്ങിയതിന്റെ കനത്ത പ്രതിരോധങ്ങള്‍ നേരിട്ട കേരള സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടേതുണ്ട്. ഒരു കാര്യമുറപ്പാണ്. ഈ സര്‍ക്കാറിന് അതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു സര്‍ക്കാറിനും കഴിയുമെന്ന് കേരളം പ്രതീക്ഷിക്കേണ്ടതില്ല.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *