Reading Time: 2 minutes
#ദിനസരികള്‍ 804

 

ഇടതു – വലതു പാര്‍ട്ടികളില്‍ നിന്നും പിണങ്ങിപ്പോകുന്നവര്‍ക്ക് ഒരു സങ്കോചവുമില്ലാതെ ചെന്നു കയറാനുള്ള ഒരിടമായി ബി.ജെ.പി. മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് അതൊരു സ്വാഭാവിക പരിണതി എന്ന നിലയില്‍ കണ്ടുപോകാമെങ്കിലും മതന്യൂനപക്ഷങ്ങളില്‍ പെട്ടവരും അതേ വഴി തന്നെ പിന്തുടരുന്നുവെന്നാണ് ഇക്കാലങ്ങളില്‍ നടക്കുന്ന ചില കൂറുമാറ്റങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. മാലിന്യങ്ങള്‍ ഒഴുകിച്ചെല്ലുന്നത് ഓടയിലേക്കായിരിക്കുമെങ്കിലും നാളിതുവരെ താന്‍ പുലര്‍ത്തിപ്പോന്നിരുന്ന, അല്ലെങ്കില്‍ അങ്ങനെയാണെന്ന് അഭിനയിച്ചിരുന്ന എല്ലാ വിധ മതേതര ആശയങ്ങളേയും കൈവെടിഞ്ഞ് മതഫാസിസ്റ്റ് കൂടാരത്തിലേക്ക് ചെന്നു ചേരാനുള്ള മടിയില്ലായ്മ പൊതുവേ വര്‍ദ്ധിച്ചു വരുന്നുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട പലരും ബി.ജെ.പിയില്‍ ചേരുകയും അവരില്‍ നിന്നും കിട്ടുന്ന ചെലവുകാശുപയോഗിച്ച് തങ്ങള്‍ മാന്യന്മാരാണെന്ന് നടിക്കുകയും ചെയ്യുന്ന കാഴ്ച അല്‍‌ഫോണ്‍സ് കണ്ണന്താനമടക്കമുള്ളവരെ മുന്‍നിറുത്തി നാം കണ്ടതുമാണ്.

മതന്യൂനപക്ഷങ്ങളോട് തങ്ങള്‍ക്ക് അതിവിശാലമായ സമീപനമാണുള്ളതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇത്തരം നീക്കങ്ങളെ ബി.ജെ.പി. ആവോളം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അബ്ദുള്ളക്കുട്ടിയുടെ കൂറുമാറ്റത്തോട് അനുബന്ധിച്ച് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അന്യ സമുദായത്തില്‍ നിന്നും ഇങ്ങനെ വന്നു കയറുന്ന കള്ളനാണയങ്ങള്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നതിനെപ്പറ്റി ആശങ്കപ്പെടുന്നുണ്ടെന്നതുകൂടി സൂചിപ്പിക്കട്ടെ. അബ്ദുള്ളക്കുട്ടി വിളിച്ചാല്‍ ആരുപോകാന്‍ എന്നതൊരു ചോദ്യമാണെങ്കിലും ബി.ജെ.പിയും മുസ്ലീങ്ങളും തമ്മില്‍ നിലനില്ക്കുന്ന വിടവില്ലാതെയാക്കാനായിരിക്കും താനിനി ശ്രമിക്കുക എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

അവസരങ്ങള്‍ തേടി താല്കാലികമായ ലാഭങ്ങളെ മുന്‍നിറുത്തി മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മതന്യൂനപക്ഷങ്ങളില്‍ പെട്ട അസംതൃപ്തര്‍ നടത്തുന്ന കാവിപുതയ്ക്കലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ചെറുതെന്ന് ഞാന്‍ പറഞ്ഞത് അങ്ങനെ ചെന്നു കയറുന്നവര്‍ക്ക് വലിയ തോതിലുള്ള ജനപിന്തുണയൊന്നും ലഭിക്കാറില്ലെങ്കിലും ബി.ജെ.പിയിലെ ന്യൂനപക്ഷ മുഖമായി അവര്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ സ്വസമുദായത്തിലെ ചിലരെങ്കിലും തെറ്റിദ്ധരിക്കാനിടയുണ്ടല്ലോ. ഉദാഹരണമായി അല്‍‌ഫോണ്‍സ് കണ്ണന്താനത്തിന് കിട്ടിയ സ്ഥാനമാനങ്ങള്‍ തന്നെ ശ്രദ്ധിക്കുക. ഒരവസരത്തിനായി ദാഹിക്കുന്നവര്‍ക്ക് അല്‍‌ഫോണ്‍സ് ചിലപ്പോള്‍ പ്രാത്സാഹനമായി മാറിയേക്കാം.

തങ്ങളില്‍ ന്യൂനപക്ഷത്തില്‍ പെട്ടവരുമുണ്ടെന്ന് സ്ഥാപിച്ചെടുത്തുകൊണ്ട് ഫാസിസ്റ്റുമുഖത്തെ മറച്ചു വെയ്ക്കാന്‍ ആര്‍.എസ്.എസ്. അടക്കമുള്ള സംഘപരിവാര സംഘടനകളെ സഹായിക്കുകയാണ് ഇത്തരം ഭിക്ഷാംദേഹികള്‍ ചെയ്യുന്നത്. ഇവരുടെ മധ്യസ്ഥ ശ്രമത്തില്‍ ബി.ജെ.പിയോട് ഏതെങ്കിലും ന്യുനപക്ഷ വിഭാഗങ്ങള്‍ സൌമനസ്യം കാണിക്കുകയാണെങ്കില്‍ അതിന്റെ ലാഭം ചിലപ്പോള്‍ ഇന്നുണ്ടായേക്കാം എന്നാല്‍ നഷ്ടം അവരുടെ വരുംകാല തലമുറകള്‍ക്കായിരിക്കുമെന്നു് നാം കാണാതിരുന്നുകൂട.

കാരണം എന്നായാലും ഇന്ത്യയിലെ മതന്യൂനപക്ഷത്തെ പ്രതിസ്ഥാനത്തു നിറുത്താതെ ബി.ജെ.പിയ്ക്ക് അവരുടെ സവര്‍ണ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അജണ്ടകളെ നടപ്പിലാക്കാന്‍ കഴിയില്ല. നിലനില്പിന്റേതായ പ്രതിസന്ധികള്‍ എപ്പോഴൊക്കെ നേരിടുന്നോ അപ്പോഴൊക്കെ ഇതരമതവിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ബി.ജെ.പിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഘപരിവാരത്തിന്റെ കൂടാരത്തില്‍ ചെന്നു കയറിയവര്‍ കേവലം താല്കാലികമായ അഭയസ്ഥാനങ്ങളില്‍ മാത്രമാണ് ജീവിച്ചു പോകുന്നത്.ചുരുക്കിപ്പറഞ്ഞാല്‍ ഇതര സമുദായത്തില്‍ നിന്നും ബി.ജെ.പിയിലേക്കു പ്രവേശിക്കുന്നവരെ വെറും ചവിട്ടു കല്ലുകളായി മാത്രമാണ് ആറെസ്സെസ്സും കൂട്ടരും കാണുന്നത് എന്നതാണ് വസ്തുത.

ന്യൂപക്ഷ ജനസംഖ്യ വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടാത്ത, അവരുടെ സാമൂഹ്യ – സാമ്പത്തിക അവസരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കാത്ത ഏതൊരു ബി.ജെ.പി. നേതാവിനെയാണ് ചൂണ്ടിക്കാണിക്കാനാകുക? ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തരപ്രദേശം ഭരിക്കുന്ന യോഗി ആദിത്യനാഥിനെപ്പോലെയുള്ളവര്‍ എത്ര നിസ്സങ്കോചമാണ് മുസ്ലിംവിരുദ്ധത പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഗുജറാത്ത് കലാപം നാം മറന്നിട്ടില്ലല്ലോ. സുവിശേഷ പ്രവര്‍ത്തകരെ ചുട്ടുകൊന്ന ഒറീസ ഇന്ത്യയില്‍ തന്നെയാണല്ലോ!

ഇതുമനസ്സിലാക്കാതെ സംഘപരിവാരം ഇട്ടുകൊടുക്കുന്ന ചൂണ്ടയില്‍ കൊത്തി ബി.ജെ.പി. നേതാക്കന്മാരെ പുകഴ്ത്തിയും അവരോടൊപ്പം വേദി പങ്കിട്ടും ന്യുനപക്ഷ മതനേതാക്കന്മാരും മറ്റ് അവസരവാദികളും അടക്കമുള്ളവരുണ്ടാക്കിയെടുക്കുന്ന പൊതുബോധം ബഹുസ്വരമായ ഒരു സമൂഹത്തെ ആറെസെസ്സിന്റെ അജണ്ടയില്‍ കെട്ടി ഏകസ്വരമാക്കി മാറ്റുവാനുള്ള നീക്കങ്ങളെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് ഉത്തരവാദിത്തമുള്ള ന്യൂനപക്ഷസമുദായാംഗങ്ങള്‍ ഇത്തരം കള്ളനാണയങ്ങളെ തള്ളിക്കളയാനും കരുതിയിരിക്കാനും പ്രേരിപ്പിക്കുക തന്നെ വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement

Leave a Reply

avatar
  Subscribe  
Notify of