Sun. Dec 22nd, 2024
വയനാട്:

 

വയനാട്ടിലെ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഉണ്ടായ വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി. പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ പരാതി കൂടി അന്വേഷിക്കണമെന്ന് കല്‍പറ്റ കോടതി ഉത്തരവിട്ടു. മാവോയിസ്റ്റ് വെടിവയ്പ്പ് ആസൂത്രിതമെന്ന ജലീലിന്റെ ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് കോടതിയുടെ നടപടി.

ജലീലിനെ പൊലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ കല്‍പറ്റ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിനുശേഷവും നിലവിലെ അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി ജലീലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ ഹാജരായി. ജയിലില്‍ കഴിയുന്ന സഹോദരനടക്കം 14 പേരോടാണ് കളക്ടര്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മാര്‍ച്ച്‌ ആറിനാണ് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *