തിരുവനന്തപുരം :
കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നതിനെ കുറിച്ചു നിരവധി ആരോപണങ്ങൾ ഉയരുന്നതിനിടെ പോലീസ് സേനയുടെ പോസ്റ്റൽ വോട്ടുകളിലും അട്ടിമറി നടന്നതിന്റെ തെളിവുകൾ ഓഡിയോ സന്ദേശത്തിലൂടെ പുറത്തു വന്നു.
തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യമുണ്ട്. പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാർക്ക് ഇഷ്ടമുള്ള വിലാസത്തിൽ ബാലറ്റു പേപ്പർ വരുത്താം. ഈ ആനുകൂല്യം മുതലെടുത്ത് ഇടതു അനുകൂലികൾ നിയന്ത്രിക്കുന്ന പോലീസ് അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ സമ്മർദ്ദം ചെലുത്തി അസോസിയേഷൻ നിർദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാൻ ആവശ്യപ്പെടും. സംശയം വരാതിരിക്കാൻ എല്ലാ പോസ്റ്റൽ ബാലറ്റുകളും ഒരു വിലാസത്തിലേക്കല്ല, പകരം പല വിലാസങ്ങളിലേക്കാണ് അയപ്പിക്കുന്നത്. വോട്ട് ചെയ്യുന്നതും ഒപ്പിടുന്നതും അസോസിയേഷന്‍ നേതാക്കളാണ്.
ബാലറ്റുകള്‍ സംഘടിപ്പിക്കുന്നത് സ്ഥലമാറ്റ ഭീഷണിയുള്‍പ്പെടെ നടത്തിയിട്ടാണെന്നും പരാതിയുണ്ട്. ഇത്തരത്തിൽ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്തുവെന്നാണ് സംശയിക്കപ്പെടുന്നത്.
അസോസിയേഷൻ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പൊലീസുകാരൻ മാധ്യമങ്ങളോട് സമ്മതിച്ചു. പത്മനാഭസ്വാമിക്ഷേത്രത്തിൽ ഡ്യൂട്ടിയുള്ള പൊലീസ് കമാൻഡോകൾക്ക് കിട്ടിയ ഒരു സഹപ്രവർത്തകന്‍റെ ഓഡിയോ സന്ദേശമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്. പോസ്റ്റൽ വോട്ടുകൾ പോലീസ് അസോസിയേഷൻ നേതാക്കൾക്ക് മുൻകൂട്ടി നൽകണമെന്നാണ് ശബ്ദരേഖയിൽ ആവശ്യപ്പെടുന്നത്. ഏകദേശം 58000 പോലീസുകാരാണ് തിരഞ്ഞെടുപ്പ് ഡ്യുട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്നത്.
പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകൾ തട്ടാൻ ശ്രമം നടക്കുന്നുവെന്ന് നേരത്തെ പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു.പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ ഉന്നതർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പോലീസുകാരുടെ ബാലറ്റ് പേപ്പറുകൾ ശേഖരിക്കാൻ ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍, പോലീസ് അസോസിയേഷന് കള്ളവോട്ടില്‍ പങ്കില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ജി അനില്‍കുമാര്‍ പറഞ്ഞു. കള്ളവോട്ട് ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്നും പോസ്റ്റൽ വോട്ടൽ ക്രമക്കേടിനെ കുറിച്ച് ഇന്‍റലിജന്‍സ് മേധാവി അന്വേഷിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്,