സൂററ്റ്:
ആൾദൈവം ആസാറാം ബാപ്പുവിന്റെ മകനായ നാരായൺ സായിക്ക് ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. സൂററ്റിലെ ഒരു കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്.
ഈ കേസിൽ നാലുപേർ കുറ്റക്കാരാണെന്ന് കോടതി, വെള്ളിയാഴ്ച വിധിച്ചിരുന്നു.
ഈ കേസിൽ കുറ്റാരോപിതരായ 10 പേരിൽ ഗംഗ (ധർമ്മിഷ്ട മിശ്ര), ജമ്ന (ഭവിക പട്ടേൽ), ഹനുമാൻ (കൗശൽ താക്കൂർ), എന്നിവർക്ക് 10 വർഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. രമേഷ് താക്കൂറിന് ആറുമാസം തടവും വിധിച്ചു.
മോഹിത് ഭോജ്‌വാനി, മോണിക്ക അഗർവാൾ, പങ്കജ് ദേവ്‌ര, അജയ് ദിവാൻ, നേഹ ദിവാൻ എന്നിവരെ കോടതി വെറുതെ വിട്ടു.
2002 – 2005 കാലയളവിൽ നാരായൺ സായ് നിരന്തരമായി പീഡിപ്പിച്ചുവെന്നു കാണിച്ച് സൂററ്റിലെ രണ്ടു സഹോദരിമാരിൽ ഇളയവൾ നല്കിയ പരാതിയിലാണ് കേസെടുത്തത്.
സൂററ്റിൽ, സായ്‌യുടെ ആശ്രമത്തിൽ താമസിച്ചിരുന്ന കാലത്ത് സായ് നിരന്തരമായി ലൈംഗികപീഡനം നടത്തിയിരുന്നെന്ന് പരാതിക്കാരി പറഞ്ഞു. സായ്‌യുടെ പിതാവായ ആസാറാം ബാപ്പുവിനെതിരെ പരാതിക്കാരിയുടെ സഹോദരിയും പരാതി നല്കിയിട്ടുണ്ട്.