ന്യൂഡൽഹി:
റിസർവ് ബാങ്ക് 20 രൂപയുടെ പുതിയ നോട്ടുകൾ ഇറക്കാനൊരുങ്ങുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഉള്ള നോട്ടുകൾ തന്നെയായിരിക്കും. പച്ച കലർന്ന മഞ്ഞ നിറമായിരിക്കും നോട്ടുകൾക്ക്. മറുഭാഗത്ത് എല്ലോറ ഗുഹകളുടെ ചിത്രവും ഉണ്ടായിരിക്കുമെന്ന് റിസർവ് ബാങ്ക് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
മദ്ധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രം ഉണ്ടായിരിക്കും. ദേവനാഗരി ലിപിയിൽ, നോട്ടിന്റെ മൂല്യസംഖ്യയായ 20 എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാവും. വലതുവശത്ത് അശോകസ്തംഭത്തിന്റെ ചിഹ്നം ഉണ്ടായിരിക്കും.
മറുവശത്ത്, സ്വച്ഛ് ഭാരത് ലോഗോയും, നോട്ട് അച്ചടിച്ച തിയ്യതിയും, എല്ലോറ ഗുഹയുടെ ചിത്രവും, ഭാഷാ പാനലും ഉണ്ടായിരിക്കും. വാട്ടർ മാർക്കും ഉണ്ടായിരിക്കും.
മുൻപ് ഇറക്കിയ 20 രൂപയുടെ നോട്ടും നിലവിലുണ്ടായിരിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.