വാരാണസി:
ലോക്സഭ തിരഞ്ഞെടുപ്പിൽ, വാരാണസിയിൽ നിന്നും മോദിക്കെതിരെ സ്വതന്ത്രസ്ഥാനാർത്ഥികളായി മത്സരിക്കാനായി നാമനിർദേശപത്രിക സമർപ്പിക്കാൻ തെലങ്കാനയിലെ നിസാമാബാദിൽ നിന്നും 50 മഞ്ഞൾ കർഷകർ ശനിയാഴ്ച വാരാണസിയിലെത്തി.
തങ്ങൾ ആരേയും എതിർക്കുന്നില്ലെന്നും, നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കുകയെന്നതും, മഞ്ഞൾ കർഷകർക്കായി ഒരു ബോർഡ് രൂപീകരിക്കണമെന്നതും, മഞ്ഞളിന് കുറഞ്ഞ താങ്ങുവിലയായി, ക്വിന്റലിന് 15000 രൂപയെങ്കിലും കിട്ടണമെന്നതുമാണ് ആവശ്യമെന്നും കർഷകപ്രതിനിധി ന്യൂസ് ഏജൻസിയായ എ.എൻ.ഐയോടു പറഞ്ഞു.
മഞ്ഞൾ കർഷകരുടെ പ്രശ്നങ്ങൾ യു.പി.എ. സർക്കാരിന്റെ കാലത്തും, ബി.ജെ.പി. സർക്കാരിന്റെ കാലത്തും പരിഗണിക്കപ്പെട്ടില്ലെന്നും, കർഷകർ ആരോപിച്ചു. മുൻ സർക്കാരിന്റെ കാലത്ത് അതൊന്നും പരിഹരിക്കപ്പെട്ടില്ലെന്നും, ഇപ്പോൾ, മോദിയുടെ ഭരണകാലത്തും അതുതന്നെയാണുണ്ടായതെന്നും, മോദിക്കെതിരല്ലെന്നും, ആർക്കെതിരെയും പ്രചാരണം നടത്തുന്നില്ലെന്നും കർഷകരിലൊരാൾ പറഞ്ഞു.
മെയ് 19 നാണ് വാരാണസിയിലെ തിരഞ്ഞെടുപ്പ്.