കണ്ണൂര്‍:
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കള്ളവോട്ട് നടന്ന സഹാചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്‍. കള്ളവോട്ട് കേസുകള്‍ വൈകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നും സുധാകരന്‍ പറഞ്ഞു.
സി.പി.എം. ജനഹിതം അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് സ്വീകരിക്കുന്നതെന്ന് സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു. കള്ളവോട്ടില്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം തയാറായാല്‍ കണ്ണൂരിലെ 11 നിയോജകമണ്ഡലങ്ങളില്‍ രണ്ടിലേറെ സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കാസര്‍ഗോട്ട് മണ്ഡലത്തിലെ ഒന്നിലേറെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നുള്ള കോണ്‍ഗ്രസ് ആരോപണം ഗുരുതരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സംഭവത്തെക്കുറിച്ച് കളക്ടറോടും പോളിംഗ് ഓഫീസര്‍മാരോടും അടിയന്തിര റിപ്പോര്‍ട്ട് തേടിയെന്നും മീണ പറഞ്ഞു.
വോട്ടെടുപ്പിനിടെ കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ബൂത്തില്‍ കള്ളവോട്ട് നടക്കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വനിതാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവും അടക്കമുള്ള ആളുകള്‍ ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്തുന്നതും ആളുമാറി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇവിടെ കള്ളവോട്ട് നടന്നതെന്നും ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കളക്‌ടര്‍മാരില്‍ നിന്നും ബന്ധപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവരില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആറ് പേരുടെ ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ സലീന എം.പിയും മുന്‍ ജനപ്രതിനിധിയായ സുമയ്യ കെ.പി എന്നിവരാണ് കള്ളവോട്ട് ചെയ്യുന്നത്. ചില വോട്ടര്‍മാര്‍ മണിക്കൂറുകളോളം വരിയില്‍ കാത്തുനിന്ന ശേഷം വോട്ട് ചെയ്യാനാവാതെ മടങ്ങിപ്പോകേണ്ടി വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ വോട്ട് നേരത്തെ തന്നെ മറ്റാരോ ചെയ‌്തെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മടങ്ങേണ്ടി വന്നത്.
ഇവിടെയുള്ള പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ ചട്ട വിരുദ്ധമായി ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് ബൂത്തില്‍ കയറി നില്‍ക്കുന്നതെന്നാണ് സൂചന. കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്ന് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകള്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.