Fri. Mar 29th, 2024
കോട്ടയം :

കോട്ടയം നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രാവിലെ 11 മണിക്കു പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും സാങ്കേതിക തകരാറിനെ തുടർന്നു ആദ്യനീക്കം പരാജയപ്പെട്ടു. പിന്നീട് 2.45നു പൊളിക്കുമെന്ന് അറിയിച്ചു. അഞ്ചു മണിയോടെ രണ്ടാംശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിച്ചു. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.ആദ്യ സ്ഫോടനത്തിൽ ഒരു ഭാഗം ചെറുതായി പൊട്ടി. പക്ഷേ തുടർ സ്ഫോടനം പരാജയപ്പെട്ടു. പാലത്തിന്റെ കോൺക്രീറ്റ് ബീമിന് അത്രയും ഉറപ്പുണ്ടായിരുന്നു.

തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു കരാർ ഏറ്റെടുത്തത്. വൻ കെട്ടിട സമുച്ചയങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്ന സുരക്ഷിതമായ ‘ഇംപ്ലോസീവ്’ മാർഗമാണ് തെരഞ്ഞെടുത്തത്. കോൺക്രീറ്റ് തൂണുകൾക്കും ബീമുകൾക്കും ബലക്ഷയമുണ്ടാക്കുകയായിരുന്നു ആദ്യപടി. എളുപ്പത്തിൽ പൊളിയാനാണിത്. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ ഇത് ചെയ്തു.

പാലത്തിന്റെ ബീം, കോൺക്രീറ്റ് അടിത്തറ എന്നിവിടങ്ങളിൽ നൈട്രോഗ്ലിസറിൻ, ഡൈനമിറ്റ് തുടങ്ങിയ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചു. ഈ ജോലിക്ക് ചാർജ് എന്നാണ് പറയുന്നത്. പാലത്തിന്റെ വിവിധ സ്ഥലങ്ങളിൽ സുഷിരങ്ങൾ ഇട്ട് സ്ഫോടകവസ്തുക്കൾ നിറയ്ക്കുകയാണ് അടുത്തഘട്ടം. കോൺക്രീറ്റ് അവശിഷ്ടങ്ങൾ അൽപം പോലും പുറത്തേക്ക് തെറിച്ചുവീഴാത്തവിധം പാലം പൂർണമായും സുരക്ഷിതമായി പൊതിഞ്ഞു. റിമോട്ട് സംവിധാനത്തിലൂടെയാണ് സ്ഫോടനം നടത്തിയത്. പക്ഷെ ബലമേറിയ ബീമുകളുള്ള പാലം തകർന്നില്ല

നാഗമ്പടം റെയിൽവേ മേൽപ്പാലം തകർക്കാൻ പറ്റാത്ത സാഹചര്യത്തിൽ പുതിയ വഴികൾ തേടാനാണ് റെയിൽവേ അധികൃതർ ശ്രമിക്കുന്നത്. വലിയ ജനക്കൂട്ടമാണു പാലം തകർക്കുന്നതു നേരിൽ‌ കാണാനെത്തിയത്. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നിശമനസേന, നഗരസഭ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പൊളിക്കൽശ്രമം.

Leave a Reply

Your email address will not be published. Required fields are marked *