Mon. Dec 23rd, 2024
കൊച്ചി:

യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ പെട്ട കല്ലട ട്രാവല്‍സ് കൂടുതല്‍ കുരുക്കിലേക്ക്. നികുതി ഇനത്തില്‍ കല്ലട സുരേഷ് സര്‍ക്കാരിന് നല്‍കാനുള്ളത് 90 ലക്ഷം രൂപയാണ്. കേരളത്തില്‍ അടക്കേണ്ട നികുതി വെട്ടിക്കാനായി കല്ലടയുടെ മിക്ക ബസുകളും കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്താണ് സര്‍വ്വീസ് നടത്തുന്നത്.

സംസ്ഥാനത്ത് നികുതി വര്‍ധിക്കുന്നു എന്ന പരാതിയുമായി കോടതിയില്‍ പോയ സുരേഷ് കല്ലടയുടെ ഹര്‍ജി കോടതി തള്ളിയതോടെ നികുതി അടയ്ക്കാനുള്ള നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കാന്‍ ഇയാള്‍ തയാറായിട്ടില്ല. എന്നാല്‍ കേരളത്തിലെ നിയമം പാലിച്ചാല്‍ മാത്രമേ ഇനി സര്‍വീസ് നടത്താന്‍ കല്ലടയെ അനുവദിക്കൂ എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാര്‍ പ്രതികരിച്ചു.

അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കലുള്ള റോഡ്‌നികുതി 2014ല്‍ കേരള സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. നികുതി വര്‍ധന ചോദ്യം ചെയ്ത് സുരേഷ് കല്ലട ഹൈക്കോടതിയെ സമീപക്കുകയും ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. പിന്നീട് സര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവെച്ചെങ്കിലും കേസ് നടന്ന കാലാവധിയിലെ കുടിശിക ഇനിയും സുരേഷ് കല്ലട അടച്ചിട്ടില്ല.

കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയത കല്ലടയുടെ ബസുകള്‍ സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തിയ ഇനത്തില്‍ 9025200 രൂപയാണ് നികുതിയായി അടയ്ക്കാനുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ വേഗ പരിധി ലംഘിച്ചാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം ചെക്ക് പോസ്റ്റുകളിലൂടെ കടന്നു വരുന്ന എല്ലാ അന്തര്‍ സംസ്ഥാന ബസുകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ടിഒ മാര്‍ക്ക് നിര്‍ദേശം നല്‍കി.

അതിനിടെ ബാംഗളൂരിലേക്കുള്ള സ്വകാര്യ ബസുകളിലെ അക്രമങ്ങളും അമിത ചാര്‍ജും സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഞായറാഴ്ചകളില്‍ ബാംഗളൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ നാളെ മുതല്‍ ഓടിത്തുടങ്ങും.  കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുന്നത്. ട്രെയിന്‍ നാളെ രാവിലെ അഞ്ചിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 10.42ന് തൃശൂരിലെത്തും. 12ന് പാലക്കാടെത്തും. സ്പെഷല്‍ ട്രെയിനില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു.

സ്വകാര്യ ബസ് സര്‍വീസുകളെ നിയന്ത്രിക്കാനാണ് ഈ നടപടി. മന്ത്രി എ കെ ശശിന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *