ന്യൂഡല്‍ഹി:
തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഒഡീഷയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനെ സസ്പെന്‍ഡ് ചെയ്ത നടപടി സ്റ്റേ ചെയ്തു. കഴിഞ്ഞ 18നായിരുന്നു ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.
ഇത് സംബന്ധിച്ച കേസ് ജൂണ്‍ മൂന്നിന് ട്രൈബ്യൂണല്‍ വീണ്ടും പരിഗണിക്കും. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റേതാണ് നടപടി. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു സാംബല്‍പൂരില്‍ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധനക്ക് വിധേയമാക്കിയത്. എസ്പിജി പ്രത്യേക സുരക്ഷയുള്ളവര്‍ക്ക് നല്‍കുന്ന ഇളവുകള്‍ പരിഗണിക്കാതെ പരിശോധന നടത്തിയെന്നായിരുന്നു ഐഎഎസ് ഓഫീസറായ മുഹമ്മദ് മുഹ്സിനെതിരെ കമ്മീഷന്‍ ആരോപിച്ച കുറ്റം.
ഒഡീഷയില്‍ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ച മുഹമ്മദ് മുഹ്‍സിനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തത്. കര്‍ണാടക കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‍സിന്‍. പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥന്‍റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനിറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തില്‍ നിന്ന് സുരക്ഷാ പരിശോധനയില്‍ ഉള്‍പ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്‍റെ വീഡിയോ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പരിശോധന നടന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് നിരീക്ഷകനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നു ആരോപിച്ചു കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മോദി വരുന്നതിനു തലേദിവസം സാംബല്‍പുരിലെത്തിയ ബിജെപി എം.പിയും കേന്ദ്രമന്ത്രിയുമായ ധര്‍മ്മേന്ദ്ര പ്രധാന്‍റെ ഹെലികോപ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററും ഫ്ളൈയിംഗ് സ്ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം വ്യാപക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥന്‍റെ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, സുതാര്യവും സുഗമവുമായ തിരഞ്ഞെടുപ്പ് നടപടികള്‍ക്കായാണ് കമ്മീഷന്‍ പൊതു നിരീക്ഷകരെ വിവിധ മേഖലകളില്‍ നിയമിച്ചിരിക്കുന്നത്. ഇവര്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരായിരിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇവരെ നിയമിച്ചിരിക്കുന്നത്.