ന്യൂഡല്‍ഹി:
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിലെ സത്യം എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ജസ്‌റ്റിസ് അരുണ്‍ മിശ്ര ഇക്കാര്യത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് വിധി പറയും. ഗൂഢാലോചന നടത്തിയത് അസംതൃപ്തരായ ജീവനക്കാരാണോ കോര്‍പറേറ്റുകളാണോ ഇടനിലക്കാരാണോ എന്ന് കണ്ടെത്തും വരെ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച അഭിഭാഷകന്‍ ഉത്സവ് സിംഗ് ബെയിന്‍സ് ഇന്ന് കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. എന്നാല്‍ ഇക്കാര്യത്തിലെ സത്യാവസ്ഥ വെളിപ്പെടുത്താതിരിക്കാന്‍ ബെയിന്‍സിന് അവകാശമില്ലെന്ന് പറഞ്ഞ കോടതി ഗൂഢാലോചന അന്വേഷിക്കുന്ന കാര്യത്തില്‍ ഉച്ചക്ക് ഉത്തരവ് പുറത്തിറക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.
അതേസമയം, ആരോപണമുന്നയിച്ച മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായ യുവതിയോട് ഇന്ന് ഹാജരാകാന്‍ അവരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, ഇന്ദിര ബാനര്‍ജി എന്നിവരുള്‍പ്പെട്ട സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയില്‍ നിന്ന് ജഡ്‌ജിമാര്‍ നേരിട്ട് ചേംബറില്‍ വിശദീകരണം തേടും. ചീഫ് ജസ്റ്റിസിനെ കുരുക്കാന്‍ വന്‍ശക്തികള്‍ കളിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ അഭിഭാഷകന്‍ ഉത്സവ് സിംഗ് ബെയിന്‍സില്‍ നിന്ന് സത്യവാങ്‌മൂലവും തെളിവുകളും മുദ്രവച്ച കവറില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഇന്നലെ സ്വീകരിച്ചിരുന്നു.അതേസമയം, ഇന്ന് കോടതിയില്‍ ഹാജരായ ബെയിന്‍സ് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുടെ പേര് വെളിപ്പെടുത്താന്‍ ആകില്ലെന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലവും അദ്ദേഹം സമര്‍പ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അഭിഭാഷകന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് രണ്ട് മണിക്ക് വിധി പറയാനായി മാറ്റിയത്.
സിബിഐ, ദില്ലി പൊലീസ്, ഐബി, ഉദ്യോഗസ്ഥരുമായി ഇന്നലെ ചര്‍ച്ച നടത്തിയ ജഡ്ജ്മാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാനാണ് സാധ്യത. റിലയന്‍സിന് വേണ്ടി വിധി തിരുത്തിയ 2 ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കാട്ടി ബയന്‍സ് നല്‍കിയ അധിക സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് കോടതി കേസ് ഉത്തരവിടാനായി മാറ്റിയത്. അധിക സത്യവാങ്മൂലത്തിലെ ഉള്ളടക്കത്തിന് അഭിഭാഷക നിയമപ്രകാരം സവിശേഷ അധികാരം ഉണ്ടെന്ന ബയന്‍സിന്റെ വാദം എജിയും ബാര്‍ അസോസിയേഷനും ചോദ്യം ചെയ്തു.
ബയന്‍സിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് കോടതിയെ ചൊടിപ്പിച്ചു. റിമോട്ട് കണ്‍ട്രോളിലൂടെ കോടതിയെ നിയന്ത്രിക്കുന്നു എന്ന ആരോപണങ്ങള്‍ ദിവസേന പുറത്തു വരുന്നു. ജഡ്ജിമാരെ സ്വാധീനിക്കാന്‍ വഴിവിട്ട ശ്രമം നടക്കുന്നു എന്നും പറയുന്നു. ഇതില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട്. പണക്കാര്‍ക്ക് കോടതിയെ നിയന്ത്രിക്കാന്‍ ആകില്ല. അവര്‍ തീക്കളിയാണ് കളിക്കുന്നത് എന്നും ബെഞ്ചിലെ അധ്യക്ഷനായ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികരോപണത്തില്‍ സുപ്രീംകോടതി നടത്തുന്ന ആഭ്യന്തര അന്വേഷണത്തെ ഈ കേസിലെ നടപടികള്‍ സ്വാധീനിക്കില്ലെന്ന് കോടതി ആവര്‍ത്തിച്ചു. ആരോപണം ഉന്നയിച്ച ഉത്സവ് ബയന്‍സിന്റെ താല്പര്യങ്ങളും അന്വേഷിക്കണം എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ആവശ്യപ്പെട്ടെങ്കിലും പ്രത്യേക ഉറപ്പുകള്‍ നല്‍കാന്‍ കോടതി തയ്യാറായില്ല.
ചീഫ്ജസ്റ്റിസിനെതിരായ ആരോപണം തൊഴില്‍ സ്ഥലങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം അന്വേഷിക്കണം എന്നും അതില്‍ തീര്‍പ്പാകുന്നതുവരെ രഞ്ജന്‍ ഗൊഗോയ് ചുമതലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരും അദ്ധ്യാപകരും പൊതുപ്രവര്‍ത്തകരുമായ 259 വനിതകള്‍ ഒപ്പിട്ട കത്ത് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്ക് നല്‍കി. പ്രമുഖ വ്യക്തികള്‍ അടങ്ങിയ സ്വതന്ത്ര സമിതി 90 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് തീര്‍പ്പാക്കണം. ലൈംഗികാരോപണം പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചതിനെയും അതില്‍ ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് അംഗമായതിനെയും അവര്‍ വിമര്‍ശിച്ചു. കത്തില്‍ ഒപ്പിട്ടവരില്‍ മലയാളി വനിതകളും ഉള്‍പ്പെടുന്നുണ്ട്.