#ദിനസരികള് 738
കെ.എസ്. രവികുമാറിന്റെ കടമ്മനിട്ടക്കാലം വായിക്കുമ്പോഴാണ് ഒ.വി. വിജയന്‍ കവിതയും എഴുതിയിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. മലയാളിയുടെ ദാര്‍ശനീകാവബോധമായ വിജയന്‍ എഴുതിയ നോവലുകളും കഥകളും കാര്‍ട്ടൂണുകളും ലേഖനങ്ങളുമൊക്കെ നമുക്ക് സുപരിചിതമാണെങ്കിലും അദ്ദേഹം കവിതയും എഴുതിയിട്ടുണ്ട് എന്ന അറിവ് എന്നെ സംബന്ധിച്ച് പുതിയതായിരുന്നു. എന്നെ സംബന്ധിച്ച് എന്ന് പരിമിതപ്പെടുത്തുന്നില്ല. മറിച്ച് ഒട്ടു മിക്ക മലയാളികളും ഈ അറിവ് തീണ്ടാത്തവരായിരിക്കണം എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. കവിത കണ്ടെത്തും വരെ കെ.എസ്. രവികുമാറും വ്യത്യസ്തനായിരുന്നില്ല.
ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. കവിത എന്ന രൂപത്തില്‍പെടുത്തി അദ്ദേഹം എന്തെങ്കിലും എഴുതിയിട്ടുണ്ട് എന്ന അറിവേ നമുക്ക് ഇല്ലാതിരുന്നിട്ടുള്ളു. എന്നാല്‍ അദ്ദേഹം എഴുതിയതിലൊക്കെയും കവിതയുണ്ടായിരുന്നു. വിഖ്യാതമായ ഇതിഹാസത്തിലെ ഒരു ഖണ്ഡം – പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസോറുകള്‍ക്കും മുമ്പ് എന്നു തുടങ്ങുന്നത് – കവിതയല്ലെങ്കില്‍പ്പിന്നെ എന്താണ്? ഗുരുസാഗരത്തിലും പ്രവാചകന്റെ വഴികളിലും മധുരംഗായതിയുമൊക്കെ ഈ കവിത നമ്മെ വന്ന് തീണ്ടുന്നു. കഥകളായ പാറകളിലും കടല്‍ത്തീരത്തിലുമൊക്കെ അതേ കവിത തലയുയര്‍ത്തിപ്പിടിച്ച് നമ്മെ മാടിവിളിക്കുന്നു. കവിത എന്ന വിഭാഗത്തില്‍പ്പെടുത്തി എഡിറ്റര്‍മാര്‍ പ്രസിദ്ധീകരിച്ച എന്തെങ്കിലുമൊന്ന് വായിച്ചിട്ടില്ല എന്നേയുള്ളു. എന്നാല്‍ അദ്ദേഹം എഴുതിയ കവിതകള്‍ ധാരാളം വായിച്ചിട്ടുണ്ട്.
രവികുമാര്‍ ആ കവിത പൂര്‍ണമായും തന്റെ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു കഥ
ഒ. വി. വിജയന്‍
(യവനിക ഉയരുന്നു. ആട്ടിടയന്‍മാര്‍ പാടിക്കൊണ്ട് വരുന്നു)
കരുവേപ്പിലയുടെ കഥ പറയെ ചെറു
വിരലാല്‍ ചെറുതേന്‍ നുകരുന്നോന്‍
പഥികന്‍ പറവു കരിവേപ്പിന്മേല്‍
പതിനൊന്നെലികള്‍ വാഴുന്നൂ
രാവും പകലും പാടാനാടാന്‍
രാവിലെ മാത്രം പ്രാര്‍ത്ഥിക്കാന്‍
സന്ധ്യക്കിത്തിരി സിന്ദുരം തൊ
ട്ടന്ധത നീക്കിദ്ധ്യാനിക്കാന്‍
കോറസ്സ് :
കുഞ്ഞുകുഞ്ഞു ഭാഗവതര്‍
കുഞ്ഞുകുഞ്ഞു ഭാഗവതര്‍
പഥികന്‍ പറവൂ കണ്ടേന്‍ ഞാനാ
പതിനൊന്നാര്‍ഷച്ചാഴികളെ
പ്രാര്‍ത്ഥിച്ചിട്ടും ധ്യാനിച്ചിട്ടും
പാവം സത്യം മുകരാതെ
കരിവേപ്പിന്‍ കറകാളും മിഥ്യയി
ലറിവെന്യേ പിരിപിരിപിരിയായ്
പതിനൊന്നെലികള്‍ പതിനൊന്നെലികള്‍
പതിനെട്ടാംപടി കേറുന്നു
പഥികന്‍ ചെറുവിരല്‍ വീണ്ടുമെടുത്താന്‍
വ്യഥയൊടു നക്കി ചെറുവിരലും
കോറസ്സ്
അങ്കമാലിക്കല്ലറയില്‍
അങ്കമാലിക്കല്ലറയില്‍
(യവനിക)
അന്വേഷണം മാസികയില്‍ 1968 മാര്‍ച്ചിലാണ് (പുസ്തകം 2,ലക്കം 3 പുറം 35) പ്രസ്തുത കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. തന്റെ ഗവേഷണ പ്രബന്ധത്തിന്റെ ആവശ്യത്തിനു വേണ്ടി പഴയ മാസികകള്‍ പരതുന്നതിനിടയില്‍ കണ്ടുകിട്ടിയ ഈ കവിതെയെക്കുറിച്ച് രവികുമാര്‍ എഴുതുന്നത് നോക്കുക : -“ വിജയന്റെ സാഹിത്യ ജീവിതത്തിലെ സവിശേഷ ഭാവുകത്വത്തിന്റെ മറ്റൊരുത്പന്നമാണ് അന്വേഷണത്തില്‍ അദ്ദേഹം എഴുതിയ ഈ കവിത – ഒരു കഥ. ആധുനികതാ പ്രസ്ഥാനം മലയാളത്തില്‍ ശക്തമായിക്കഴിഞ്ഞിരുന്ന അക്കാലത്തു പോലും വിസ്മയം ജനിപ്പിക്കുന്ന ഘടനയും സ്വരൂപവുമായിരുന്നു ആ രചനയുടേത്. അസംബന്ധാത്മകതയും അതുളവാക്കിയ ദുര്‍ഗ്രഹതയും ഉണ്ടായിരിക്കെത്തന്നെ രാഷ്ട്രീയോപഹാസലക്ഷ്യത്തോടെ എഴുതപ്പെട്ട കാര്‍ട്ടൂണ്‍ കവിതകളുടെ മുന്നോടിയായിരുന്നു ഈ കവിത. ആ രീതിയിലുള്ള കവിതകള്‍ പിന്നീട് എഴുപതുകളില്‍ മലയാളത്തില്‍ സജീവമായി. വൈലോപ്പിള്ളി അയ്യപ്പപ്പണിക്കര്‍ പുനലൂര്‍ ബാലന്‍ എന്നിവരൊക്കെ തനതായ ശൈലിയില്‍ കാര്‍ട്ടൂണ്‍ കവിതകള്‍ എഴുതി.”
ഒരെഴുത്തുകാരന്‍ തന്നെ പുറംലോകത്തിന് അനുഭവപ്പെടുത്താന്‍ എന്തുവഴികളും തേടുമെന്നതിന് ഉദാഹരണമാണ് വിജയന്റെ കവിത. തന്റെ മാര്‍ഗ്ഗം ഏതെന്ന് സുനിശ്ചിതമാകുന്നതിന് മുമ്പേ നടക്കുന്ന അന്വേഷണങ്ങളാണ് അവ. അതുകൊണ്ടുതന്നെ എഴുത്തിനെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും പഠിക്കുന്നവര്‍ക്ക് ഇത്തരം കണ്ടുകിട്ടലുകള്‍ പ്രയോജനകരങ്ങളാണ്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.
ഒ.വി.വിജയന്റെ പൂച്ച എന്ന കവിത പണ്ടു് കലാകൗമുദിയിൽ വന്നിരുന്നു.