Mon. Dec 23rd, 2024
തിരുവനന്തപുരം:

ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാനായി മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്നോളജി, ഔട്ട്സോഴ്സിങ് മേഖലയിലെ മുന്‍നിരക്കാരായ ഫിഡിലിറ്റി ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്‍റെ ഈ വര്‍ഷത്തെ എഫ്‌ഐഎസ് പേസ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്.

ബാങ്കിങ് സേവനങ്ങള്‍ക്കായി 35 ശതമാനം ഉപഭോക്താക്കളാണ് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. 23 ശതമാനം ആളുകള്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി കമ്പ്യൂട്ടറുകളെയാണ് ആശ്രയിക്കുന്നത്. 21 ശതമാനം ആളുകളാണ് എടിഎമ്മുകളെ ആശ്രയിക്കുന്നത്. 11 ശതമാനം ആളുകള്‍ ടെലിഫോണിലൂടെ വിളിച്ച്‌ തങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നു. ശേഷിക്കുന്ന പത്ത് ശതമാനം മാത്രമാണ് സേവനങ്ങള്‍ക്കായി ശാഖകളിലേക്ക് എത്തുന്നത്.

അതിനിടെ കൈയ്യിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇനി മുതല്‍ കടയില്‍ എത്തുന്നവരില്‍നിന്ന് സാധനത്തിന്റെ വില ഈടാക്കാന്‍ സംവിധാനം സംവിധാനമൊരുങ്ങി. പണമിടപാട് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയ ടാപ്-ആന്‍ഡ്-ഗോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാസ്റ്റര്‍കാര്‍ഡ് എന്ന സംവിധാനമൊരുങ്ങുന്നത്. പണം സ്വീകരിക്കാനുള്ള പുതിയ സംവിധാനമാണ് മാസ്റ്റര്‍കാര്‍ഡ്.

ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ കൊണ്ട് ഫോണില്‍ തൊട്ടാല്‍ പണം സ്വീകരിക്കാം. ഈ പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത് നാല് സെന്റീമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് സംവിധാനവുമായി ബന്ധപ്പെടാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഒരുക്കിയിട്ടുള്ള വൈഫൈ അടക്കമുള്ള സൗകര്യം ഉപയോഗിച്ചാണ്. ചെറുകിട വ്യവസായങ്ങളെയാണ് ഇത് ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ വിവിധ ബാങ്കുകളുടെ പോയന്റ് സെയില്‍ (പിഒഎസ്) സംവിധാനമാണ് മിക്ക വ്യാപാരസ്ഥാപനങ്ങളിലും ഉപയോഗിക്കുന്നത്.

ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ ഒരാളില്‍നിന്ന് ശരാശരി 2000 രൂപയുടെ ഇടപാടാണ് നടക്കുന്നത്. എന്നാല്‍, ബാങ്കുകള്‍ നല്‍കുന്ന പിഒഎസ് സംവിധാനത്തിന്റെ ഉപയോഗത്തിനും പരിപാലനത്തിനും ചെലവുള്ളത് വ്യാപാരികളെ ബാധിക്കുന്ന ഈ സാഹചര്യത്തിലാണ് പ്രത്യേക സംവിധാനമോ ചെലവോ ഇല്ലാതെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

പിഒഎസ് യന്ത്രംപോലെതന്നെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗപ്പെടുത്താനാണ് 2020ഓടെ ലക്ഷ്യംവെയ്ക്കുന്നത്. ഇതിന്റെ പ്രത്യേകത സ്മാര്‍ട്ട് ഫോണില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് രഹസ്യകോഡോ പാസ്‌വേഡോ ഉപയോഗിക്കേണ്ട എന്നതാണ്. എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളിലും പിഒഎസ് യന്ത്രങ്ങളിലും നിലവില്‍ ടാപ് ആന്‍ഡ് ഗോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. 2020-ഓടെ പിഒഎസ് യന്ത്രത്തിനുപകരം ഫോണ്‍ ഉപയോഗിച്ചുള്ള പണമിടപാട് സംവിധാനം പ്രധാന നഗരങ്ങളിലടക്കം വ്യാപകമാക്കാനാണ് മാസ്റ്റര്‍കാര്‍ഡിന്റെ പദ്ധതി. വിവിധ ബാങ്കുകളുമായി അത് സംബന്ധിച്ചുള്ള ചര്‍ച്ച നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *