ന്യൂഡല്‍ഹി:
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. ഒരു ലോക്‌സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണാന്‍ ആയിരുന്നു സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഇത് പുനപരിശോധിക്കണമെന്നാണ് ആവശ്യം.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ പൂര്‍ത്തിയായ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും ഇവിഎം യന്ത്രങ്ങളുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്നുവെന്നും, ചിലയിടങ്ങളില്‍ ഏത് ബട്ടണമര്‍ത്തിയാലും ഒരു പ്രത്യേക പാര്‍ട്ടിയുടെ ചിഹ്നത്തിന് വോട്ട് പതിഞ്ഞതായി ആരോപണങ്ങളുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം പരിഗണിച്ച് മുന്‍ ഉത്തരവില്‍ മാറ്റം വരുത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
വിവി പാറ്റ് രസീതുകൾ എണ്ണാൻ വലിയ സമയം വേണ്ടിവരുമെന്നും ഫലപ്രഖ്യാപനം ദിവസങ്ങൾ നീളുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് മെഷീനുകൾ എടുത്ത് അത് എണ്ണി കൃത്യത പരിശോധിച്ചാൽ മതിയെന്ന് സുപ്രീംകോടതി വിധിച്ചത്. എന്നാൽ കേരളത്തിൽ കോൺഗ്രസിന് കുത്തിയ വോട്ടുകൾ ബി.ജെ.പിക്ക് വീണതായി പരാതി ഉയർന്നെന്നും, സമാനമായ പരാതികൾ ഉത്തർപ്രദേശിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും പുനഃപരിശോധനാ ഹർജിയിൽ പ്രതിപക്ഷം പറയുന്നു.
വിധി വന്നതിന് ശേഷം ദില്ലിയിൽ ഈ വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കണമെന്ന് ആ യോഗത്തിലും ധാരണയായിരുന്നതാണ്. ഏപ്രിൽ 23 – ന് നടന്ന, രാജ്യത്തെ ഏറ്റവും വലിയ ഘട്ടം പോളിംഗിലും സമാനമായ പരാതികൾ ഉയർന്നതോടെയാണ് പ്രതിപക്ഷ പാർട്ടികൾ നീക്കം വേഗത്തിലാക്കിയത്.
വിവി പാറ്റ് എണ്ണിയാൽ വോട്ടെണ്ണൽ അഞ്ച് ദിവസം വരെ നീളാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഫലം അറിയാൻ കാത്തിരിക്കാൻ തയ്യാറാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് കഴിഞ്ഞ ദിവസം ആം ആദ്മിയും ടിഡിപിയും അടക്കം 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാൽ മെയ് 23 ന് നിശ്ചയിച്ച ഫലപ്രഖ്യാപനം നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു.