തിരുവനന്തപുരം:
ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല സുരേഷ് കല്ലടയുടെ ബസുകള്‍ പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാനും അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് തുടങ്ങാനും തീരുമാനമെടുത്തു. ഇതിന് പുറമെ കല്ലട ട്രാവല്‍സിന്റെ എല്ലാ ബസുകളുടേയും രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. പെര്‍മിറ്റില്ലാതെ ബസുകള്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരിശോധനയുടെ ഭാഗമായി ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ എന്ന പേരില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം തുടങ്ങി. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചു. 8281786096 എന്നാണ് നമ്പര്‍. അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ ലഗേജുകള്‍ അല്ലാതെ മറ്റ് ചരക്കുകള്‍ കടത്തുന്നുണ്ടോയെന്നും സംശയമുണ്ട്. നിയമ ലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
അതേസമയം ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ ബസ്സുടമ കല്ലട സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഇതുവരെയും ഹാജരായിട്ടില്ല. സുരേഷിനോട് ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസയച്ചിരുന്നു. എന്നാല്‍ ഹാജരാകാത്ത സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് പോലീസിന്റെ തീരുമാനം. തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കല്ലട ബസ്സില്‍ വെച്ചാണ് ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ചത്. പരാതിയില്‍ കേസെടുത്ത പോലീസ് 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെയാണ് ബസ്സുടമ കല്ലട സുരേഷിനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസയച്ചത്. സുരേഷ് ഹാജരാകാത്ത സാഹചര്യത്തില്‍ വീണ്ടും നോട്ടീസയക്കുകയോ കേസെടുക്കുകയോ ചെയ്യാം. ഉന്നത പോലീസുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് വിവരം. അതേസമയം, കേസന്വേഷണച്ചുമതല തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി. മര്‍ദിച്ചവരുടെ സംഘത്തില്‍ 7പേര്‍ മാത്രമല്ലെന്നും 15 ഓളം പേരുണ്ടായിരുന്നുവെന്നും മര്‍ദനമേറ്റവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ അവരെ കണ്ടെത്താനും പോലീസ് ശ്രമിച്ചുവരികയാണ്.