വായന സമയം: < 1 minute
കൊച്ചി:

മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് നടപടി. വര്‍ഗീയ പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വേനലവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

‘ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നായിരുന്നു ശ്രീധരന്‍പിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം. ബാലാക്കോട്ട് വിഷയത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നതിനിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം.

കേസില്‍ ആറ്റിങ്ങല്‍ പൊലീസ് ശ്രീധരന്‍ പിള്ളക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. സിപിഎം നേതാവ് വി ശിവന്‍കുട്ടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിവന്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീധരന്‍ പിള്ളക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ജനപ്രാധിനിധ്യ നിയമത്തിന്റെ ലംഘനമാണ് ശ്രീധരന്‍ പിള്ള നടത്തിയതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിട്ടേണിങ് ഓഫീസറുടെ അനുമതി വാങ്ങാതെയാണ് ഈ പരിപാടി നടത്തിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്.

 

Leave a Reply

avatar
  Subscribe  
Notify of