Sat. Apr 20th, 2024
ന്യൂ ഡല്‍ഹി:

ബി.ജെ.പിയെ തറപറ്റിക്കാന്‍ ഇടിക്കൂട്ടിലെ പുലിക്കുട്ടിയെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ സൗത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദര്‍ സിങ്ങിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന എ. ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക്കാണ് വിജേന്ദറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ സിറ്റിങ്ങ് എംപി രമേശ് ബിദൂരിയും എഎപിയുടെ രാഘവ് ചാദയുമാണ് മണ്ഡലത്തില്‍ വിജേന്ദറിന്റെ എതിരാളികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ. എ.പി.യുടെ കേണല്‍ ദേവീന്ദര്‍ സെഹ്‌രാവത്തിനെ 1,07,000 വോട്ടിനാണ് ബിദുരി പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ റൂബി യാദവിന് 1,25,213 വോട്ടാണ് ലഭിച്ചത്.

ജനസംഘം ദേശീയ അധ്യക്ഷനായിരുന്ന ബല്‍രാജ് മഥോക്, വി.കെ.മല്‍ഹോത്ര, മദന്‍ലാല്‍ ഖുറാന, സുഷമ സ്വരാജ്, കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ സിങ്, ലളിത് മാക്കന്‍ എന്നിവരെ വിജയിപ്പിച്ച മണ്ഡലാണ് സൗത്ത് ഡല്‍ഹി.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി വിജേന്ദര്‍ സിങ് രംഗത്ത് വന്നു. ‘ഒരാളെ പ്രശംസിക്കുമ്പോള്‍ മുഖം മൂടിയ്ക്ക് പിന്നില്‍ എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല. 2014ല്‍ ബി.ജെ.പി വലിയ വിജയമാണ് നേടിയിരുന്നത്’ വിജേന്ദര്‍സിങ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പരസ്പരം അഭിനന്ദിക്കുകയും ഒരുമിച്ച് സെല്‍ഫിയെടുക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു വിജേന്ദര്‍ സിങ്.

പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം ഇടുമെന്നാണ് പറഞ്ഞത്. അതിന്റെ യൂട്യൂബ് വീഡിയോ എന്റെ പക്കലുണ്ട്. കള്ളം പറഞ്ഞതായിരുന്നു. ആളുകള്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ അദ്ദേഹത്തെ വിശ്വസിച്ചു. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തയാളാണ് മോദിയെന്നും വിജേന്ദര്‍ സിങ് പറഞ്ഞു. തന്റെ ചിന്തകളും കാഴ്ചപ്പാടും കോണ്‍ഗ്രസിനോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ഭാവിയെ കുറിച്ച് സംസാരിക്കുന്നവരും വിദ്യാഭ്യാസമുള്ളവരുമായ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിജേന്ദര്‍ സിങ് പറഞ്ഞു.

2008ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ വിജേന്ദര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ഈ നേട്ടം ആവര്‍ത്തിച്ചു. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. പിന്നീട് പ്രൊഫഷണല്‍ ബോക്‌സിങ്ങിലേയ്ക്ക് മാറിയ വിജേന്ദര്‍ ഏഷ്യ പെസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റിലും ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കിരീടം ചൂടിയിട്ടുണ്ട്. ഹരിയാന സ്വദേശിയാണ് 33-കാരനായ വിജേന്ദര്‍.

Leave a Reply

Your email address will not be published. Required fields are marked *