കൊളംബോ:
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ സ്ഫോടന പരമ്പരയിൽ മരണ സംഖ്യ 359 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 39 പേർ വിദേശികളാണ്. 45 കുഞ്ഞുങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു.
ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ മോസ്കുകളിൽ നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ക്രൈസ്തവർക്കു നേരെ ആസൂത്രിതമായ ഭീകരാക്രമണം ഉണ്ടായതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്നു ശ്രീലങ്കയിലെ പ്രതിരോധ സഹമന്ത്രി റുവാൻ വിജെവർധനെ പാർലമെന്റിൽ പറഞ്ഞു.
അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങൾക്കും ക്രൈസ്തവർക്കും എതിരേയാണ് ആക്രമണമെന്ന് ഐ.എസിന്റെ വാർത്താ ഏജൻസിയായ അമാഖ് വ്യക്തമാക്കി. അബു ഉബായ്ദ, അബു, അൽ-മുഖ്താർ, അബു ഖലീൽ, അബു ഹംസ, അബു അൽ-ബാര, അബു മുഹമ്മദ്, അബു അബ്ദുള്ള എന്നീ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും ആയിരത്തോളം പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും ഐ.എസ് വാർത്താ ഏജൻസി അമാഖിന്റെ അറിയിപ്പിൽ പറയുന്നു.
ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരുടേതെന്ന അവകാശവാദവുമായി എട്ടുപേരുടെ ഗ്രൂപ്പ് ഫോട്ടോ ഇന്നലെ ഐ.എസ് പുറത്തുവിട്ടു. ആക്രമണത്തിനു കുറച്ചു മുൻപെടുത്ത ഫോട്ടോയാണിതെന്ന് ഐ.എസിന്റെ അമാഖ് വാർത്താ ഏജൻസി പറഞ്ഞു. വിശുദ്ധ ആക്രമണത്തിൽ പങ്കെടുത്തവർ എന്ന തലക്കെട്ടോടെയാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിൽ ഒരാളൊഴികെ എല്ലാവരും മുഖം മറച്ച നിലയിലാണ്.
ഇതിനിടെ നെഗംബോ പള്ളിയിൽ ആക്രമണം നടത്തിയ ചാവേറിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലങ്കൻ പ്രാദേശിക ചാനൽ പുറത്തുവിട്ട വീഡിയോയിൽ നീല ടീ ഷർട്ടും കറുത്ത പാന്റ്സും ധരിച്ച യുവാവ് പുറത്തുബാഗുമായി പള്ളിക്കുള്ളിൽ കടക്കുന്നതു കാണാം. നിമിഷങ്ങൾക്കകം ഉഗ്രസ്ഫോടനവുമുണ്ടായി. നെഗംബോയിലെ ഈ കത്തോലിക്കാ ദേവാലയത്തിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്.
ഒൻപതു ചാവേറുകളാണ് എട്ടു സ്ഥലങ്ങളിലായി പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം. അതിൽ 8 പേരെ ശ്രീലങ്കൻ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചാവേറുകളിൽ ഒരു വനിതയുമുണ്ട്.
കൊളംബോയിലെ ഒരു സുഗന്ധവ്യജ്ഞന വ്യാപാരിയുടെ രണ്ട് മക്കൾ ആക്രമണത്തിൽ പങ്കെടുത്തതായി പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ‘ഷംഗ്രി ലാ’ പഞ്ചനക്ഷത്ര ഹോട്ടലിൽ ചാവേറായി എത്തി സ്ഫോടനം നടത്തിയത് നാഷണൽ തൗഹീദ് ജമാഅത്ത് അംഗങ്ങളായ ഇവരാണെന്നായിരുന്നു നിഗമനം. എന്നാൽ അബു ഒബൈദ്, അബു ബരാ, അബു മുഖ്താർ എന്നീ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സ്ഫോടനങ്ങൾക്ക് പിന്നിലെന്നാണ് സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.പള്ളികളിലെ ആക്രമണത്തിന് പിന്നിൽ അബു ഹംസ, അബു ഖലീൽ, അബു മുഹമ്മദ് എന്നിവരാണെന്നും പറയുന്നു.
2001 യുഎസിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായാണ് ശ്രീലങ്കയിലെ സംഭവം വിശേഷിപ്പിക്കപ്പെടുന്നത്. സംഭവത്തിൽ പ്രാദേശിക ഇസ്ലാമിക് സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിനെ ആയിരുന്നു ശ്രീലങ്കൻ സർക്കാർ സംശയിച്ചിരുന്നത്. സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. നാഷണൽ തൗഹീദ് ജമാഅത്ത് (എൻടിജെ) എന്ന പ്രാദേശിക തീവ്രവാദ ഗ്രൂപ്പിനു തനിയെ ഇത്ര മാരകവും വിപുലവുമായ ഭീകരാക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കാനാകില്ലെന്നു നേരത്തേ തന്നെ ശ്രീലങ്കൻ പോലീസ് സൂചിപ്പിച്ചിരുന്നു.