Sun. Dec 22nd, 2024
കോവളം:

കോവളത്തെ ചൊവ്വരയിൽ കൈപ്പത്തി ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ താമരയ്ക്ക് പോകുന്നതായി യു.ഡി.എഫ് പ്രവർത്തകരുടെ പരാതി. ചൊവ്വര മാധപുരത്തെ 151-ാം നമ്പർ ബൂത്തിലാണ് കൈപ്പത്തി ചിഹ്നത്തിൽ കുത്തിയ വോട്ടുകൾ താമരയിൽ തെളിയുന്നത് കണ്ടത്.

ബൂത്തിൽ 76 പേർ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാർ ശ്രദ്ധയിൽ പെട്ടത്. വോട്ടിംഗ് മെഷീനിൽ കുത്തിയ ചിഹ്നമല്ല വി.വി.പാറ്റിൽ കണ്ടതെന്ന പരാതിയുമായി ഒരു കോൺഗ്രസ്സ് പ്രവർത്തകൻ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു. എൽ.ഡി.എഫ് പ്രവർത്തകരും ഇവർക്കൊപ്പം പ്രതിഷേധിക്കുകയാണ്. പ്രതിഷേധം കാരണം പഴയ വോട്ടിംഗ് മെഷീൻ പിൻവലിച്ച് പുതിയ മെഷീൻ കൊണ്ടു വന്ന് പോളിംഗ് പുനരാരംഭിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ ചേർത്തലയിൽ വോട്ടിങ്ങിനു മുൻപുള്ള ‘മോക്ക് പോളിംഗിലും (ട്രയൽ) ‘ ഇതേ പ്രശ്നം നേരിട്ടിരുന്നു. കിഴക്കേ ചേർത്തല 40 എൻ.എസ്.എസ് കരയോഗം 88-ാം നമ്പർ ബൂത്തിലാണ് ഏത് ചിഹ്നത്തിൽ കുത്തിയാലും താമരയ്ക്ക് തെളിയുന്നതായി കണ്ടത്.

എന്നാൽ ചൊവ്വരയിലെ 151-ാം ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടർ കെ. വാസുകി അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തിൽ നിലവിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി. തെറ്റായ ആരോപണമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും അറിയിച്ചു.

അതിനിടെ കോവളത്തെ വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണമെന്ന് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വോട്ടിംഗ് മെഷീനുകൾക്ക് വ്യാപകമായ തകരാർ സംഭവിച്ചിട്ടില്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറയുന്നത്. കോവളത്ത് വോട്ടുകൾ ചിഹ്നം മാറി രേഖപ്പെടുത്തുന്നു എന്ന പരാതിയിൽ പ്രശ്ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. എന്തായാലും വ്യാപകമായ പരാതികളൊന്നുമില്ല. ചില സ്ഥലങ്ങളിൽ പ്രശ്നമുണ്ടായിട്ടുണ്ട്. അതു ഞങ്ങൾ പ്രതീക്ഷിച്ചതുമാണെന്നും ടിക്കാറാം മീണ പറഞ്ഞു.

ബി.ജെ.പി ക്കു ഏറ്റവും വിജയ പ്രതീക്ഷയുള്ള തിരുവനന്തപുരം മണ്ഡലത്തിൽ തന്നെ, വേറെ സ്ഥാനാർഥിക്കു വോട്ടു കുത്തിയാലും താമരയ്ക്ക് പോകുന്നു എന്ന സംശയം വന്നത് വളരെ ഗൗരവത്തോടെയാണ് ഇടത്, വലത് മുന്നണികൾ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *