കൊളംബോ:
ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയെ കുറിച്ച് അന്വേഷിക്കുന്ന സുരക്ഷ ഏജൻസികൾ ചോദ്യം ചെയ്യലിനൊടുവിൽ ഒരു സിറിയൻ പൗരനെ അറസ്റ്റു ചെയ്തെന്നു വാർത്ത ഏജൻസിയായ ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഭീകര സംഘടനകൾ ഒന്നും തന്നെ ഏറ്റെടുത്തിട്ടില്ല.
സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 24 ശ്രീലങ്കക്കാരെ ഇതിനകം അറസ്റ് ചെയ്തിട്ടുണ്ടെന്നു ശ്രീലങ്കൻ പോലിസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. സ്ഫോടന പരമ്പര നടത്തിയ ചാവേറുകളെല്ലാം ശ്രീലങ്കൻ പൗരന്മാരാണെന്നാണ് കരുതുന്നതെന്ന് ശ്രീലങ്കൻ ആരോഗ്യമന്ത്രിയും സർക്കാർ വക്താവുമായ രജിത സേനാരത്നെ വ്യക്തമാക്കിയിരുന്നു.
ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ മൂന്നു ക്രിസ്ത്യൻ പള്ളികൾ, ആഡംബര ഹോട്ടലുകൾ,പാർപ്പിട സമുച്ചയം എന്നിങ്ങനെ എട്ടിടത്തു നടന്ന സ്ഫോടനങ്ങളിൽ 215 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ എട്ട് ഇന്ത്യക്കാരും ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയും ഉൾപ്പെടുന്നു.
കൊല്ലപ്പെട്ടവരിൽ ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ചൈന, പോളണ്ട്, ഡെന്മാർക്ക്, ജപ്പാൻ, പാക്കിസ്ഥാൻ, മൊറോക്കോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ 33 വിദേശികളുമുണ്ടെന്നു ശ്രീലങ്കൻ മന്ത്രി ഹർഷ ഡിസിൽവ പറഞ്ഞു. 12 പേരെ ഇതുവരെ തിരിച്ചറിഞ്ഞു.
സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേന ദേശീയ സുരക്ഷാ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സ്ഫോടന പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ കടൽ മാർഗ്ഗം രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ കോസ്റ്റ്ഗാർഡ് സമുദ്രാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. സ്ഫോടനങ്ങൾക്ക് പിന്നിൽ ശ്രീലങ്കയിലെ പ്രാദേശിക ഭീകര സംഘടനയായ ‘നാഷണൽ തൗഹീദ് ജമാഅത്താണെന്ന്’ സംശയിക്കുന്നതായി ശ്രീലങ്കൻ മന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ നടപടി.