തിരുവനന്തപുരം:
ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മികച്ച പോളിംഗാണ് ആദ്യനിമിഷങ്ങളില്‍ നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. വോട്ടിങ് ആരംഭിക്കാനിരിക്കെ യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കാന്‍ നടത്തിയ മോക്ക് പോളിംഗിലാണ് പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകളില്‍ തകരാറ് കണ്ടെത്തിയത്.
എറണാകുളം ജില്ലയിലെ എളമക്കര ഹൈസ്‌കൂളിലെയും കോതമംഗലം ദേവസ്വം ബോര്‍ഡിലെ പോളിങ് ബൂത്തിലും വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തി. കൊല്ലം ജില്ലയിലെ ബൂത്തുകളില്‍ വി.വി പാറ്റ് മെഷീനുകള്‍ തകരാറില്‍ ആയതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. പത്തനംതിട്ട ആനപ്പാറ എല്‍.പി. സ്‌കൂളിലെയും പരവൂരിലെ 81ാം നമ്പർ പോളിങ് ബൂത്തിലെയും വോട്ടിങ് മെഷീനുകള്‍ തകരാറിലാണെന്നും ഉടന്‍ പരിഹരിക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തുകളാണുള്ളത്. 149 കേന്ദ്രങ്ങളിൽ നിന്നാണ് ഈ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികളെത്തിച്ചത്. സംസ്ഥാന വ്യാപകമായി വി.വി.പാറ്റ് മെഷീൻ ഉപയോഗിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. വൈകുന്നേരം വോട്ടെടുപ്പ് പൂർത്തിയാക്കി സീൽ ചെയ്ത മെഷീനുകള്‍ ഉദ്യോഗസ്ഥർ തിരിച്ച് സ്ട്രോങ് റൂമുകളിൽ എത്തിക്കും. 257 സ്ട്രോങ് റൂമുകള്‍ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കാൻ സജ്ജമാക്കിയിട്ടുണ്ട്.
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 74.04 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.35% പോളിംഗ് ഉണ്ടായിരുന്നു. വിവിധ രാഷ്ട്രീയ വിഷയങ്ങൾ തിളച്ചു മറിയുന്ന നിർണ്ണായക തിരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ കക്ഷികൾ പരമാവധി വോട്ടർമാരെ വോട്ടു ചെയ്യിക്കാൻ മുൻകൈ എടുത്തു പോളിംഗ് ശതമാനം മുൻ തിരഞ്ഞെടുപ്പുകളെക്കാൾ വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും, ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മുന്നണികളെ ആശങ്കയിൽ ആക്കുന്നുണ്ട്.