ന്യൂഡൽഹി:
കോൺഗ്രസ്, തിങ്കളാഴ്ച പുറത്തുവിട്ട ആറു സ്ഥാനാർത്ഥികളുടെ പട്ടികപ്രകാരം, ഡൽഹിയിലെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നും, ലോക്സഭയിലേക്കു മത്സരിക്കും. കോൺഗ്രസ് നേതാവായ അജയ് മാക്കൻ ഡൽഹി മണ്ഡലത്തിൽ നിന്നു ജനവിധി തേടും.
ജെ.പി. അഗർവാൾ ചാന്ദ്നി ചൌക്കിൽ നിന്നും, അർവിന്ദർ സിംഗ് ലവ്ലി, ഈസ്റ്റ് ഡൽഹിയിൽ നിന്നും, മഹാബൽ മിശ്ര വെസ്റ്റ് ഡൽഹിയിൽ നിന്നും, രാജേഷ് ലിലോത്തിയ നോർത്ത് വെസ്റ്റ് ഡൽഹിയിൽ നിന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും. നോർത്ത് വെസ്റ്റ് ഡൽഹി ഒരു സംവരണ സീറ്റാണ്.
സൌത്ത് ഡൽഹിയിലെ സ്ഥാനാർത്ഥിയെ, കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്നും, ഏഴ് ലോക്സഭാ സീറ്റിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് പറഞ്ഞിരുന്നു.
ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച കണ്ട്രോള് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, ഞായറാഴ്ചയോ തിങ്കളാഴ്ചയോ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണു പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം എ.എ.പിയും സഖ്യത്തിനുള്ള സാധ്യതകള്‍ അടഞ്ഞതായി അറിയിച്ചിരുന്നു. ഡല്‍ഹിയിലെ സീറ്റുകള്‍ സംബന്ധിച്ച് ധാരണ ഉണ്ടായെങ്കിലും ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ സഖ്യം വേണമെന്ന എ.എ.പിയുടെ ആവശ്യത്തോട് കോണ്‍ഗ്രസ് മുഖംതിരിച്ചതാണ് തിരിച്ചടിയായത്.
ഡല്‍ഹിയിലെ ഏഴു സീറ്റുകളില്‍ നാലെണ്ണം ആം ആദ്മി പാര്‍ട്ടിക്കു നല്‍കാമെന്നു കോണ്‍ഗ്രസ് സമ്മതിച്ചതാണ്. എന്നാല്‍, സഖ്യം ഡല്‍ഹിയില്‍ മാത്രമാണെങ്കില്‍ രണ്ടു സീറ്റു നല്‍കാമെന്നാണ് എ.എ.പിയുടെ നിലപാട്.