ന്യൂഡല്‍ഹി:
കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സിദ്ദുവിന്റെ പേരില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രാഥമിക പരിശോധനയില്‍ സിദ്ദു ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മതപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് എതിരാണ് സിദ്ദുവിന്റെ പ്രസ്താവനയെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് സിദ്ദുവിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതിനിടെ ബാബരി മസ്ജിദ് തകര്‍തത്തില്‍ തനിക്ക് കുറ്റബോധമില്ലെന്നും അതില്‍ അഭിമാനിക്കുകയാണെന്നുമുള്ള വിവാദ പരാമര്‍ശവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ ഠാക്കൂര്‍ രംഗത്തെത്തി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രജ്ഞയുടെ വിവാദ പരാമര്‍ശം. ജാമ്യത്തിലിറങ്ങിയ മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിംഗ് കഴിഞ്ഞ ആഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്, ഇതിന് പിന്നാലെ ഇവരെ ഭോപ്പാലിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മലേഗാവ് സ്ഫോടന കേസില്‍ തന്നെ കേസില്‍ കുടുക്കിയതിന് ഐ.പി.എസ് ഉദ്യാഗസ്ഥനായ ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ചിരുന്നെന്നും അതിന്‍റെ ഫലമാണ് അദ്ദേഹത്തിന് കിട്ടിയതെന്നുമുള്ള പ്രജ്ഞയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഹേമന്ത് കര്‍ക്കറെയെ കുറിച്ചുള്ള പ്രജ്ഞയുടെ പ്രസംഗത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.