Thu. Apr 25th, 2024
ഭോപ്പാല്‍:

പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ്  ആലോചന തുടങ്ങിയ സാഹചര്യത്തില്‍ മറ്റൊരു സുരക്ഷിത മണ്ഡലത്തില്‍ കൂടി മല്‍സരിക്കാന്‍ മോദി ആലോചിക്കുന്നതായി സൂചന. കഴിഞ്ഞ രണ്ടു തവണകളായി ബി.ജെ.പി. ജയിക്കുന്ന മണ്ഡലമാണ് വാരാണസി. എന്നാല്‍ എല്ലാ കാലത്തും ഒരേ പാര്‍ട്ടിയെ തിരഞ്ഞെടുത്ത പാരമ്പര്യമില്ലാത്ത മണ്ഡലം കൂടിയാണ് വാരണാസി. അത് കൊണ്ട് തന്നെ പ്രിയങ്ക മത്സരിച്ചാല്‍ ഫലം എന്താകും എന്നാ ആശങ്ക ബിജെപിക്ക് ഉണ്ട്.

മോദി കഴിഞ്ഞ വര്‍ഷം ജയിച്ച മണ്ഡലമാണ് വാരണാസി. എന്നാല്‍ മണ്ഡലത്തില്‍ ഇത്തവണ രാഷ്ട്രീയ ട്രെന്‍ഡ് മാറിയിട്ടുണ്ട്. ഇതില്‍ ബിജെപിക്ക് ആശങ്കയുമുണ്ട്. പ്രിയങ്ക വരുന്നതോടെ കടുത്ത മല്‍സരമാകുമെന്നും ബിജെപി കരുതുന്നു. നേരത്തെ വാരണാസിയില്‍ മല്‍സരിച്ച വേളയില്‍ ഗുജറാത്തിലും മോദി മല്‍സരിച്ചിരുന്നു. ഇത്തവണ ബംഗാളിലോ മധ്യപ്രദേശിലോ മല്‍സരിക്കാനാണ് സാധ്യത. ബംഗാളിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവായ മുകുള്‍ റോയിയും സംഘവും മോദിയെ സന്ദര്‍ശിച്ചു. ബംഗാളില്‍ നിന്ന് ഏതെങ്കിലും സീറ്റില്‍ മോദി മല്‍സരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വിഷയം മോദിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്ന് മുകുള്‍ റോയ് പറഞ്ഞു.

നരേന്ദ്ര മോദി ബംഗാളില്‍ നിന്ന് മല്‍സരിക്കണമെന്ന് തങ്ങളുടെ ആഗ്രഹമാണ്. സംസ്ഥാനത്ത് ബിജെപിക്ക് വന്‍ കുതിപ്പുണ്ടാകാന്‍ അതുകാരണമാകും. ഇക്കാര്യം പരിഗണിച്ചാണ് തങ്ങള്‍ ഇങ്ങനെ ഒരാവശ്യം മോദിയുടെ മുന്നില്‍ വച്ചിരിക്കുന്നതെന്ന് മുകുള്‍ റോയ് പറഞ്ഞു. ഏഴ് ഘട്ടങ്ങളലായിട്ടാണ് ബംഗാളില്‍ വോട്ടെടുപ്പ്. ഇതില്‍ മെയ് 12, 19 തിയ്യതികളില്‍ പോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ മോദി മല്‍സരിക്കണമെന്നാണ് ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. അവസാന ഘട്ടമായതിനാല്‍ മോദിക്ക് പ്രചാരണത്തിന് എത്താനും സൗകര്യമാകും. മോദി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മുകുള്‍ റോയ് പറഞ്ഞു.

ഇത്തവണ ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലാണ് പല മണ്ഡലങ്ങളിലും നേരിട്ടുള്ള പോരാട്ടം. മറ്റു പാര്‍ട്ടികളുടെ സ്വാധീനം കുറഞ്ഞതോടെ ബിജെപി പ്രധാന റോളിലേക്ക് വന്നിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് 23 സീറ്റുകള്‍ പിടിക്കുമെന്നാണ് അമിത് ഷായുടെ അവകാശവാദം. അതേസമയം മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ മോദി മല്‍സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ബിജെപിയുടെ സുരക്ഷിത മണ്ഡലമാണിത്. കഴിഞ്ഞ എട്ടുതവണയായി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രതിനീധികരിക്കുന്ന മണ്ഡലമാണ് ഇന്‍ഡോര്‍. ഇന്‍ഡോറില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സുമിത്രയെ മല്‍സരിപ്പിക്കില്ല എന്ന് തീരുമാനിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മോദിക്ക് വേണ്ടി മണ്ഡലം ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് പ്രചാരണം.

വാരണാസിയില്‍ കോണ്‍ഗ്രസ് പ്രിയങ്കയെ കളത്തിലിറക്കുമെന്നാണ് സൂചനകള്‍. രാഹുല്‍ ഗാന്ധി ചില സൂചന നല്‍കിയിരുന്നെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രിയങ്ക വന്നാല്‍ മറ്റുള്ള പാര്‍ട്ടികളെല്ലാം പിന്‍മാറുകയും പ്രിയങ്കയെ പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. വാരണാസി മണ്ഡലത്തില്‍ യാദവര്‍, മുസ്ലിംകള്‍, ദളിതുകള്‍ എന്നിവരുടെ വോട്ടുകള്‍ അഞ്ചുലക്ഷത്തോളം വരും. ഉയര്‍ന്ന ജാതിക്കാരുടെ വോട്ടുകള്‍ ബിജെപിക്കാണ് ലഭിക്കാന്‍ സാധ്യത. എന്നാല്‍ പ്രിയങ്ക വരുന്നതോടെ ഈ വോട്ടുകളിലും ഭിന്നതയുണ്ടാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

വാരണാസി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2004ല്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്. അതിന് മുമ്പ് സിപിഎം ഉള്‍പ്പെടെ മറ്റുപല പാര്‍ട്ടികളും ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. 2009ല്‍ ബിജെപിയുടെ എംഎം ജോഷി 17000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2014ല്‍ മോദി വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മോദിക്കെതിരെ മല്‍സരിച്ച ആംആദ്മി അധ്യക്ഷന്‍ കെജ്രിവാളിനും കിട്ടി രണ്ടുലക്ഷത്തിലധികം വോട്ട്. മാത്രമല്ല, അന്ന് എസ്പി-ബിഎസ്പി സഖ്യമുണ്ടായിരുന്നില്ല. ഇത്തവണ പ്രിയങ്ക വന്നാല്‍ മറ്റു കക്ഷികള്‍ വഴിമാറി കൊടുത്തേക്കും

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രിയങ്ക വന്നാല്‍ പിന്‍മാറുമെന്ന സൂചന നല്‍കികഴിഞ്ഞു. ഇദ്ദേഹം അടുത്തിടെ പ്രിയങ്കാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രിയങ്ക രംഗത്തിറങ്ങിയാല്‍ മോദിയെ മണ്ഡലത്തില്‍ കെട്ടിയിടാനും ദേശീയ പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ തഴയാനും സാധിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *