Wed. Jan 22nd, 2025
അഗർത്തല:

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കനത്ത തിരിച്ചടിയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ ബില്ലില്‍ തട്ടി സഖ്യകക്ഷികളും പ്രധാന നേതാക്കളും തന്നെ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറി കഴിഞ്ഞു. ത്രിപുരയിലും സമാനമാണ് അവസ്ഥ. കാവിക്കാറ്റില്‍ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും തൂത്തെറിഞ്ഞ സംസ്ഥാനത്ത് ബിജെപിയെ ഇപ്പോള്‍ അടിമുടി ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ 30,000 ത്തോളം പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നുമുള്ള പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

രണ്ട് തവണ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ തൃപുരയില്‍ സംപൂജ്യരാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 വര്‍ഷത്തെ സിപിഎം ഭരണത്തെ മറിച്ചിട്ട കാവി കാറ്റില്‍ സംസ്ഥാനത്ത് പിടിച്ച്‌ നില്‍ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായ തന്നെ മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച്‌ ആഴ്ചകള്‍ക്കുള്ളില്‍ ഭരണകക്ഷിയായ ബിജെപിയില്‍ നിന്നടക്കം 30,000 ത്തോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

ത്രിപുരയിലെ ഭരണകക്ഷിയായ ബിജെപി, അവരുടെ സഖ്യക്ഷി ഐപിഎഫ്ടി, പ്രതിപക്ഷ കക്ഷിയായ സിപിഎം ഉള്‍പ്പടേയുള്ള മൂന്ന് പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ ഉള്‍പ്പടേയുള്ള വരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ത്രിപുരയിലെ രാജകുടുംബാംഗവും കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രദ്യോത് ബിക്രം മണിക്യ ദേബര്‍മ്മയും. ബിജെപി ഭരണത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ വികാരമാണ് നിലനില്‍ക്കുന്നതെന്നും ഇതാണ് കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്കിന് കാരണമെന്നും പ്രദ്യുദ് ദേബ് പറഞ്ഞു.

കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍, ഉയര്‍ന്ന തൊഴിലുറപ്പ് വേതനം, ഉയര്‍ന്ന സാമൂഹ്യ ക്ഷേമ പെന്‍ഷന്‍, സൗജന്യ മൊബല്‍ തുടങ്ങി പൊള്ളയായ വാഗ്ദാനങ്ങളാണ് ബിജെപി ത്രിപുരയിലെ ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കന്നുകാലികളെ വളര്‍ത്തി ഉപജീവനം കണ്ടെത്താനാണ് ബിജെപി ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഇതാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് വരാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. മാണിക്യ കുടുംബാംഗമായ പ്രദ്യുദ് ദേബ് ബര്‍മ്മയിലൂടെ വന്‍ മുന്നേറ്റമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ത്രിപുരയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഇടതുപാര്‍ട്ടിയെ പോലെയോ ബിജെപിയെ പോലെയോ ത്രിപുരയില്‍ ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ ശക്തമായ സ്വാധീനം കോണ്‍ഗ്രസിന് ഇല്ല. അതുകൊണ്ട് തന്നെ ഗോത്ര വോട്ടുകള്‍ ഉറപ്പാക്കാന്‍ മണിക്യ രാജകുടുംബത്തിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ത്രിപുരയില്‍ 31 ശതമാനമാണ് ഗോത്ര വിഭാഗത്തിനുള്ള വോട്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാണ് ഈ വോട്ടുകള്‍.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോത്ര പാര്‍ട്ടിയായ ഇന്‍റീജീനിയസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര ( ഐപിഎഫ്ടി)യുടെ സ്വാധീനമാണ് 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിക്കാന്‍ ബിജെപിയെ സഹായിച്ചത്.

പ്രദ്യുദിലൂടെ ഈ വോട്ടുകള്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് നേതൃത്വം കണക്കാക്കുന്നുണ്ട്. സംസ്ഥാനത്തെ ഗോത്രവര്‍ഗങ്ങള്‍ക്കെതിരായ സര്‍ക്കാറിന്റെ നിയമനിര്‍മാണങ്ങളില്‍ പ്രതിഷേധിച്ചും പൗരത്വ ഭേതഗതി ബില്ലുള്‍പ്പടേയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി ബിജെപിക്ക് കീഴടങ്ങുന്നുവെന്ന ആരോപണമുന്നയിച്ചും ഐപിഎഫ്ടി സംസ്ഥാന ഉപാധ്യക്ഷനായ അനന്ത ദേബ്ബര്‍മ്മയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

അനന്തയെക്കൂടാതെ ഐപിഎഫ്ടിയുടെ നാലു ഡിവിഷനല്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും മുന്നുറിലേറെ അണികളും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു.ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൗവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച്‌ കഴിഞ്ഞമാസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഒരു ഭാരമായി ഇനിയും ബിജെപിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *