കൊളംബോ:
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ക്രിസ്ത്യൻ പള്ളികളിൽ ഈസ്റ്റർ ആരാധനയ്ക്കിടെ ബോംബ് സ്ഫോടനം. 52 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. കതാനയിലെ കൊച്ചികഡെ സെന്റ്. ആന്റണീസ് ദേവാലയം, കതുവപിട്ടിയ സെന്റ്. സെബാസ്റ്റ്യൻസ് ദേവാലയം,ബാട്ടികാലോ ദേവാലയം ഉൾപ്പടെ മൂന്നു ക്രിസ്ത്യൻ പള്ളികളും, മൂന്ന് പഞ്ച നക്ഷത്ര ഹോട്ടലുകളുമാണ് അക്രമികൾ ലക്ഷ്യമിട്ടത്. “ഷാങ് റി ലാ”, സിനമോൺ ഗ്രാൻഡ് ഹോട്ടൽ, കിങ്‌സ്ബറി ഹോട്ടൽ എന്നിവയാണ് അക്രമത്തിനിരയായ പഞ്ച നക്ഷത്ര ഹോട്ടലുകൾ.
ജനങ്ങൾ സമാധാനപരമായിരിക്കണമെന്നും സുരക്ഷ ഏജൻസികൾ അന്വേഷണം ആരംഭിച്ചുവെന്നും ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു. ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ സൈനിക മേധാവികളുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടി 200 ട്രൂപ്പ് സൈനികരെ സംഭവ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യക്കാർ മരിച്ചതായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മീഷണറുമായി നിരന്തര സമ്പർക്കത്തിലാണെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.