വായന സമയം: 1 minute
തിരുവനന്തപുരം:

ഒരു മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് അവസാനം. അവസാന മണിക്കൂറില്‍ കനത്ത ആവേശത്തിലാണ് എല്ലാ മുന്നണികളും. പരസ്യപ്രചാരണങ്ങള്‍ ഇന്ന് വൈകിട്ടോടെ അവസാനിക്കും. നാളെ മുതല്‍ നിശബ്ദ പ്രചാരണവും. രണ്ടു കോടി അറുപത്തിയൊന്ന് ലക്ഷം പേരാണ് ഇക്കുറി സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോകസഭ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. കൊട്ടിക്കലാശ ദിനത്തില്‍ റോഡ് ഷോയോടെയാകും എല്‍.ഡി.എഫ് പ്രചരണം അവസാനിപ്പിക്കുക.

എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ നടത്തുന്ന റോഡ് ഷോയോടെ യു.ഡി.എഫ് ക്യാമ്പും കാലശപോരാട്ടത്തിന് സജ്ജമാകും. മോദിയുടെയും അമിത്ഷായുടെയും തിരഞ്ഞെടുപ്പ് പര്യടനം നല്‍കുന്ന ആത്മ വിശ്വാസത്തോടെയാണ് എന്‍ഡിഎ കൊട്ടിക്കലാശത്തിന് എത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. രാവിലെ ആറിന് മോക്ക്‌പോള്‍ നടക്കും. 2,61,51,534 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.കന്നി വോട്ടര്‍മാര്‍ 2,88,191 പേര്‍.

മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാരും കൂടുതല്‍ പോളിംഗ് ബൂത്തുകളും ഉള്ളത്. വയനാടാണ് കുറവ് വോട്ടര്‍മാരുള്ളത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 23പേര്‍ വനിതകളാണ്. 24, 970 പോളിംഗ് ബൂത്തുകളില്‍ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കണ്‍ട്രോള്‍ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജീകരിക്കും.

രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക് പോള്‍ നടത്തുക. കുറ്റ്യാടി, ആലത്തൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ ഓക്‌സിലറി പോളിങ‌് ബൂത്തുകളുണ്ട്. പോളിങ‌് ജോലികള്‍ക്ക് ഇക്കുറി 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 1670 സെക്ടറല്‍ ഓഫീസര്‍മാരും 33,710 പ്രിസൈഡിങ് ഓഫീസര്‍മാരുമുണ്ട്.

രണ്ട് ബ്രെയില്‍ സാമ്പിള്‍ ബാലറ്റ് പേപ്പര്‍ എല്ലാ ബൂത്തിലുമുണ്ടാകും. കാഴ‌്ചപരിമിതിയുള്ളവര്‍ക്ക‌ായാണിത‌്. സംസ്ഥാനത്ത‌് മൂന്ന‌് ലോക‌്സഭാ മണ്ഡലത്തില്‍ രണ്ട‌് ബാലറ്റ‌് യൂണിറ്റ‌് വീതം ഉപയോഗിക്കും. നോട്ടയടക്കം 15ലേറെ സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങളിലാണിത‌്. ആറ്റിങ്ങല്‍, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ‌് രണ്ട് ബാലറ്റ് യൂണിറ്റ‌്‌ വീതം ഉപയോഗിക്കുക. സംസ്ഥാനത്ത‌് 227 സ്ഥാനാര്‍ഥികളാണുള്ളത‌്. 23 വനിതകള്‍. കണ്ണൂരിലാണ് വനിതാസ്ഥാനാര്‍ഥികള്‍ കൂടുതല്‍, അഞ്ചുപേര്‍. സമ്പൂര്‍ണമായി വനിതകള്‍ നിയന്ത്രിക്കുന്ന 240 ബൂത്തുകളാണുണ്ടാവുക.

സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. 257 സ്‌ട്രോങ‌് റൂമുകളാണുള്ളത്. ഇവയ‌്ക്ക‌് 12 കമ്പനി സിആര്‍പിഎഫ് സുരക്ഷ ഒരുക്കും. മൂന്നുനിര സുരക്ഷയാണ് ഒരുക്കുക. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്ന ശേഷം സംസ്ഥാനത്ത‌് വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ 31 കോടിയുടെ സാധനങ്ങള്‍ പിടികൂടി. മൂന്നുകോടിയുടെ സ്വര്‍ണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തു. 44 ലക്ഷംത്തിന്റെ മദ്യവും 21 കോടിയുടെ ലഹരി ഉല്‍പന്നങ്ങളും കണ്ടെത്തിയെന്നും തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു.

Leave a Reply

avatar
  Subscribe  
Notify of