Mon. Dec 23rd, 2024
ന്യൂഡൽഹി:

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗിക ആരോപണം. ഓൺലൈൻ മാധ്യമങ്ങളായ ദ് വയർ, ലീഫ് ലെറ്റ്, കാരവൻ, സ്ക്രോൾ എന്നിവയിൽ നിന്നും ചീഫ് ജസ്റ്റിന് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കത്തുകൾ ലഭിച്ചതോടെയാണ് വിവാദം പുറത്തറിഞ്ഞത്. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികപീഡനപരാതി ഉയർന്നെന്നാണ് ആ കത്തുകളിൽ ഉണ്ടായിരുന്നത്. രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കത്തുകളിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

‘കാരവൻ’ ഈ കത്ത് വാർത്തയാക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയില്‍നിന്നു പിരിച്ചുവിട്ട 35 കാരിയായ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. 22 ജഡ്‍ജിമാർക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

തുടർന്ന് രാവിലെ പത്തരയോടെയാണ് സുപ്രീംകോടതിയിൽ അടിയന്തര വിഷയം ചർച്ച ചെയ്യാൻ സിറ്റിംഗ് ചേരുന്നുവെന്ന ഒരു നോട്ടീസ് പുറത്തു വിട്ടത്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയിൽ അടിയന്തരസിറ്റിംഗ് നടത്തിയത്. ചീഫ് ജസ്റ്റിസിന്റെ തന്നെ അദ്ധ്യക്ഷതയിലാണ് ബഞ്ച് സിറ്റിംഗ് നടത്തിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയും കോടതിയിലുണ്ടായിരുന്നു. സുപ്രീംകോടതിയിലെ ബാർ അസോസിയേഷൻ പ്രസിഡന്‍റും കോടതിയിലെത്തി. വാദം തുടങ്ങിയപ്പോൾത്തന്നെ, പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിഷേധിച്ചു.

“യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. രണ്ട് എഫ്‌.ഐ.ആറാണ് അവര്‍ക്കെതിരെയുള്ളത്. ക്രിമിനല്‍ കേസ് നിലവിലുള്ളപ്പോള്‍ അവരെങ്ങനെയാണ് സുപ്രീംകോടതിയില്‍ ജോലിക്കു കയറിയത്? അക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിനോട് തേടിയിട്ടുണ്ട്. സംസ്ഥാന പൊലീസ് തന്നെ അവരുടെ ജാമ്യം നിഷേധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സ്ത്രീയുടെ ഭര്‍ത്താവിനെതിരെയും കേസുണ്ട്. തന്റെ 20 വര്‍ഷത്തെ സേവനത്തിനിടെ ഇത്തരമൊരു ആരോപണം അവിശ്വസനീയമാണ്. 6,80,000 രൂപയാണ് എന്റെ അക്കൗണ്ടിലുള്ളത്. എന്റെ ആകെയുള്ള സമ്പാദ്യം അതാണ്. ഒരു ജൂനിയര്‍ അസിസ്റ്റന്റ് വിചാരിച്ചാല്‍ ഇത്രവലിയ ഗൂഢാലോചന നടക്കില്ല.” എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇതിനെക്കുറിച്ച് പറഞ്ഞത്.
ഒന്നരമാസം മാത്രമാണ് ആരോപണമുന്നയിച്ച സ്ത്രീ ഇവിടെയുണ്ടായിരുന്നുള്ളൂ എന്നും ചീഫ് ജസ്റ്റിസിനെയും ഓഫീസിനെയും നിര്‍ജ്ജീവമാക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

ആരോപണത്തിന്റെ സ്വഭാവം ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനു തുല്യമാണെന്ന് ജസ്റ്റിസ് തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയില്‍ വിശ്വാസമില്ലെങ്കില്‍ എങ്ങനെയാണ് ഇവിടെ പ്രവര്‍ത്തിക്കുകയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ചീഫ് ജസ്റ്റിസ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന കത്ത് സുപ്രീംകോടതിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരി പ്രചരിച്ചിരുന്നതായി സെക്രട്ടറി ജനറല്‍ തുടക്കത്തില്‍ തന്നെ കോടതിയെ അറിയിച്ചിരുന്നു.
തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറഞ്ഞു. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും താൻ രാജിവയ്ക്കില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *