Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ഹരിയാനയിലും ഡല്‍ഹിയിലും വീണ്ടും പ്രതിപക്ഷ സഖ്യത്തിന് സാധ്യത തെളിയുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ച സീറ്റ് വിഭജന ഫോര്‍മുല സ്വീകരിച്ചതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ഹരിയാനയില്‍ 7:2:1 എന്ന അനുപാതത്തില്‍ സീറ്റുകള്‍ വിഭജിക്കാനുള്ള കോണ്‍ഗ്രസിന്‍റെ വാഗ്ദാനം സ്വീകരിച്ചതായി എ.എ.പി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായി വ്യക്തമാക്കി. ഡല്‍ഹിയിലെ സീറ്റുകളുടെ കാര്യത്തില്‍ക്കൂടി തീരുമാനമായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു കക്ഷികളും തമ്മിലുള്ള സഖ്യം യാഥാര്‍ഥ്യമാകും. എന്നാല്‍ കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്ന നിലപാടിലാണ് ജെ.ജെ.പി. ഹരിയാനയില്‍ ജെ.ജെ.പിയുടെ നിലപാട് ആം ആദ്മിക്ക് തലവേദനയായിരിക്കുകയാണ്.

ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയില്‍ മൂന്നു സീറ്റ് വീതമാണ് കോണ്‍ഗ്രസും എ.എ.പിയും മത്സരിക്കുക. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്നിങ്ങനെയായിരുന്നു കോണ്‍ഗ്രസ് മുന്നോട്ട് വച്ച ഫോര്‍മുല. എന്നാല്‍ എ.എ.പി ഈ നിലപാട് അംഗീകരിച്ചില്ല. പകരം അഞ്ച് സീറ്റില്‍ എ.എ.പിയും രണ്ട് സീറ്റില്‍ കോണ്‍ഗ്രസും എന്ന വാഗ്ദാനം മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് 4:3 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

സീറ്റുകളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും കോണ്‍ഗ്രസിന്റെ നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചതായും അറിയിച്ചിട്ടുണ്ടെന്നും ഗോപാല്‍ റായി പറഞ്ഞു. ഡല്‍ഹി കാര്യത്തിലും കോണ്‍ഗ്രസിന്റെ പ്രതികരണം കാത്തിരിക്കുകയാണ്. അതിനായി ഡല്‍ഹിയിലെ ഏഴില്‍ മൂന്ന് മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിഷി (കിഴക്കന്‍ ഡല്‍ഹി), പങ്കജ് ഗുപ്ത (ചാന്ദ്‌നി ചൗക്ക്), ഗുഗന്‍ സിങ് (വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി) എന്നിവര്‍ ശനിയാഴ്ച പത്രിക സമര്‍പ്പിക്കുമെന്നാണ് മുന്‍പ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. സഖ്യമുണ്ടായില്ലെങ്കില്‍ രാഘവ് ഛദ്ദ (തെക്കന്‍ ഡല്‍ഹി), ദിലീപ് പാണ്ഡെ (വടക്കുകിഴക്കന്‍ ഡല്‍ഹി), ബ്രിജേഷ് ഗോയല്‍ (ന്യൂഡല്‍ഹി) എന്നിവര്‍ക്കൊപ്പം തിങ്കളാഴ്ച ഇവരും പത്രിക നല്‍കും.

ഡല്‍ഹിയില്‍ 5:2 എന്ന അനുപാതത്തില്‍ സീറ്റുവിഭജനത്തിനു സമ്മതിച്ചാല്‍ ചണ്ഡീഗഢില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും പകരം പിന്തുണ നല്‍കുമെന്നും എ.എ.പി. നേതാവ് സഞ്ജയ് സിങ് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുപ്രകാരം ഡല്‍ഹിയില്‍ രണ്ടു സീറ്റുമാത്രമേ കോണ്‍ഗ്രസിന് ലഭിക്കുകയുള്ളൂ. അതിനാല്‍, ഈ നിര്‍ദേശം പരിഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. 4:3 അനുപാതം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. അതായത്, മൂന്നു സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ഡല്‍ഹി, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ എഎപിയും കോണ്‍ഗ്രസും ഒരുമിച്ച്‌ മത്സരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഏതാനും മാസങ്ങളായി നടന്നുവരികയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച്‌ നില്‍ക്കുമെന്ന് എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ മാത്രമേ സഖ്യത്തിന് തയ്യാറുള്ളൂ എന്ന നിലപാടിലായിരുന്നു ആദ്യം കോണ്‍ഗ്രസ്. ചണ്ഡിഗഢില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും എഎപി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ എഎപി കോണ്‍ഗ്രസ് സഖ്യമില്ലെങ്കില്‍ ഏഴിടത്തും ബിജെപി ജയിക്കുമെന്നാണ് പല സര്‍വെ ഫലങ്ങളും സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജെജെപി നിലപാടെടുത്തതിനാല്‍, അവരുടെ എതിര്‍പ്പ് എഎപിക്ക് ഹരിയാനയില്‍ തലവേദന സൃഷ്ടിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *