Fri. Apr 26th, 2024
തിരുവനന്തപുരം:

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രിസ്ഥാനത്തിനു നിരക്കുന്നതല്ല സത്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രചാരണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഭാഗമാണ് ഇതെന്ന വാദം പോലും ഇതിനെ ന്യായീകരിക്കില്ല. ആർ.എസ്.എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുതെന്നും പിണറായി വിജയൻ പറഞ്ഞു.

കോഴിക്കോട്ട് എൻ.ഡി.എയുടെ പ്രചാരണറാലിയിൽ സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മോദി വിമർശനം ഉന്നയിച്ചിരുന്നതിന് മറുപടി പറയുകയായിരുന്നു പിണറായി വിജയൻ.

ദൈവനാമം പറയുന്നവര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത്തരത്തില്‍ ഒരു കേസെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയുമോയെന്നു മുഖ്യമന്ത്രി ചോദിച്ചു. മതത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കു സംരക്ഷണം ലഭിക്കുന്നത് ബി.ജെ.പി ഭരിക്കുന്ന ഇടങ്ങളിലാണെന്നും പിണറായി കൂട്ടിച്ചേർത്തു.

കേരളത്തിൽ അഴിമതി സർക്കാരാണെന്നും മുഖ്യമന്ത്രി ലാവ്‌ലിൻ കേസിന്റെ നിഴലിലാണെന്നുമാണു പ്രധാനമന്ത്രി പറഞ്ഞത്. ഇതിനു പിണറായിയുടെ പ്രതികരണം “കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത് ചെയ്യുന്നതാകട്ടെ റഫേല്‍ കേസില്‍ ആരോപണവിധേയനായി നില്‍ക്കുന്ന വ്യക്തിയാണ് എന്നത് കൂടുതല്‍ ശ്രദ്ധേയമാണ്. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതിനേക്കുറിച്ച് ഒരക്ഷരം പറയാന്‍ ബിജെപി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.” എന്നായിരുന്നു.

പ്രളയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയ മോദിയുടെ പരാമർശത്തിനും പിണറായി മറുപടി പറഞ്ഞു. കേരളത്തോട് ഇത്രയധികം വെറുപ്പുള്ള മനസ്സാണ് മോദിയ്ക്ക് എന്നറിഞ്ഞില്ല. ഈ മനസ്സുള്ള ആളോടാണ് കേരളം സഹായം ആവശ്യപ്പെട്ടത്. കേരളത്തെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളി വിടാനുള്ള മനസ്സുമായാണ് മോദി നിൽക്കുന്നതെന്നും പിണറായി ആരോപിച്ചു.

രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി യാഥാര്‍ത്ഥ്യങ്ങളെ മനഃപൂര്‍വ്വം മറച്ചുവെയ്ക്കുന്നു. എന്നിട്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നു. ഇത് അദ്ദേഹം വഹിക്കുന്ന പദവിക്കു ചേര്‍ന്നതല്ല എന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *