തിരുവനന്തപുരം:
ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പരസ്യപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പേരിലാണ്. നിലവില്‍ 240 കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്. ഇടതുപക്ഷത്ത് 11 കേസുകളുമായി വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജനാണ് മുന്നില്‍ നില്‍ക്കുന്നത്. സുരേന്ദ്രന്റെ പേരില്‍ വധശ്രമം, കലാപശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്‍പത് ഇടത് സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ ദേശാഭിമാനി ദിനപത്രം പരസ്യമാക്കി പ്രസിദ്ധീകരിച്ചിരുന്നു. സുരേന്ദ്രന്റെ ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്താന്‍ ജന്മഭൂമി 4 പേജുകള്‍ നീക്കി വെച്ചിരിക്കുകയാണ്. ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും പരിഗണിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു.
അതേസമയം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ബി.ജെ.പി-സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. എട്ട് പേരെയാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ബി.ജെ.പി. പ്രവര്‍ത്തകരെയും നാല് സി.പി.എം. പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സി.പി.എം. പ്രാദേശിക നേതാക്കളായ പള്ളിക്കല്‍ മുക്കം യാസ്മിനവീട്ടില്‍ സജീബ് ഹാഷിം (50), മടവൂര്‍ പുലിയൂര്‍ക്കോണം അടുക്കോട്ടുകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ജഹാംഗീര്‍ (39), പള്ളിക്കല്‍ വാറുവിളാകംവീട്ടില്‍ യാസര്‍ എം. ബഷീര്‍ (39), പള്ളിക്കല്‍ എല്‍.പി.എസിന് സമീപം പുളിമൂട്ടില്‍വീട്ടില്‍ മുഹമ്മദ് മര്‍ഫി (40), ബി.ജെ.പി. പ്രവര്‍ത്തകരായ പള്ളിക്കല്‍ മൂതല പനവിളവീട്ടില്‍ വിശ്വനാഥന്‍ (53), മൂതല മൂലഭാഗം അനിത വിലാസത്തില്‍ അനില്‍ കുമാര്‍ (43), മൂതല പൊയ്കവിള പുത്തന്‍വീട്ടില്‍ ജയന്‍ (36), തെങ്ങുവിളവീട്ടില്‍ വിജയന്‍ (48) എന്നിവരെയാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.