എറണാകുളം:
പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. പഴന്തോട്ടം സ്വദേശികളായ അജിൽ എൽദോ, ജെയ്സൺ വര്ഗീസ് എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്.
പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ജനുവരിയിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി മുൻ നിർത്തി ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ പൂട്ട് പൊളിച്ച് അകത്തു കയറി പ്രാർത്ഥന നടത്തിയിരുന്നു. തുടർന്ന് പള്ളിക്കുള്ളിലുള്ള ഓർത്തഡോക്സ് വിഭാഗത്തെ പുറത്തിറക്കണമെന്നാവശ്യപെട്ട് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പള്ളിക്ക് മുന്നിൽ ഉപവാസം നടത്തി.
പ്രശ്ന പരിഹാരത്തിനായി ആർ.ഡി. ഓ യുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ഓർത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താൻ തീരുമാനം എടുത്തു ഇരുവിഭാഗങ്ങളും രമ്യമായി പോകുന്നതിനിടയിലാണ് ദുഃഖ വെള്ളിയാഴ്ച്ച വീണ്ടും പ്രശ്നങ്ങൾ ഉണ്ടായത്.