ന്യൂഡൽഹി:
ഭരണഘടനയെയും സംവരണത്തെയും അട്ടിമറിച്ച് ഉന്നത തല നിയമനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രി നിയമനം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. കൃത്യമായ പരീക്ഷകളോ മാനദണ്ഡങ്ങളോ പാലിക്കാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഉന്നത തല നിയമനങ്ങള്‍ നടത്തുന്നത്. ഇത്തരത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമ്പത് പേരെയാണ് ലാറ്ററല്‍ എന്‍ട്രി നിയമനം വഴി കേന്ദ്ര സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഐ.എ.എസ് ഓഫീസര്‍മാരല്ലാത്തവരെ ഇത്തരത്തില്‍ നിയമിക്കുന്നത്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്(ഐ.എ.എസ്.), ഇന്ത്യന്‍ പോലീസ് സര്‍വീസ്(ഐ.പി.എസ്.), ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐ.എഫ്.ഒ.എസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐ.ആര്‍.എസ്.) എന്നീ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെയാണ് പൊതുവേ പരിഗണിക്കാറുള്ളത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ ഘട്ടങ്ങളിലായി പല തിരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെയാണ് ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കാറുള്ളത്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പുതിയ നിയമനങ്ങള്‍.
2018 ജൂണ്‍ ഒമ്പതിനാണ് കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലേക്കുള്ള ജോയിന്റ് സെക്രട്ടറിമാര്‍ക്കാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചത്. 40 വയസ്സ് പ്രായം ഉണ്ടായിരിക്കണമെന്നും, ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തില്‍ സമാന തസ്തികയില്‍ 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണമെന്നുമായിരുന്നു നോട്ടിഫിക്കേഷനില്‍ മാനദണ്ഡം വെച്ചിരുന്നത്. 2018 ജൂലൈ 30-നായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 6077 അപേക്ഷകള്‍ ലഭിച്ചിരുന്നു. എന്നാല്‍ സാധാരണ ഗതിയിലുള്ള നടപടികള്‍ ഈ നിയമനങ്ങളിലുണ്ടായില്ല. പകരം സ്വകാര്യ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവരെ ലാറ്ററല്‍ എന്‍ട്രി വഴി യു.പി.എസ്.സി. നിയമിക്കുകയായിരുന്നു.
ആംബര്‍ ദുബേ (വ്യോമയാനം), അരുണ്‍ ഗോയല്‍ (വാണിജ്യം), രാജീവ് സക്സേന (സാമ്പത്തികം), സുജിത് കുമാര്‍ വാജ്പേയ് (പരിസ്ഥിതി), സൗരഭ് മിശ്ര (സാമ്പത്തിക സേവനം), ദിനേശ് ദയാനന്ദ് ജാഗ്ദലേ (പാരമ്പര്യേതര ഊര്‍ജം), സുമന്‍ പ്രസാദ് സിങ് (ഉപരിതല ഗതാഗതം), ഭൂഷണ്‍ കുമാര്‍ (ഷിപ്പിങ്) കാകലി ഘോഷ് (കൃഷിസഹകരണം, കര്‍ഷകക്ഷേമം) എന്നിവരാണ് ഇത്തരത്തില്‍ നിയമിക്കപ്പെട്ട 9 ജോയിന്റ് സെക്രട്ടറിമാര്‍. 3 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
സ്വകാര്യ കമ്പനികളില്‍ നിന്നും ലാറ്ററല്‍ എന്‍ട്രയിലൂടെ ഉന്നതതല ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ എന്‍.സി.എസ്.സി. (നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്), എന്‍.സി.എസ്.ടി. (നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്) തുടങ്ങിയവരുമായി ബന്ധപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അതും ഉണ്ടായിട്ടില്ല. ഇതിലൂടെ ഭരണഘടന ഉറപ്പാക്കുന്ന സംവരണ സംവിധാനം കൂടിയാണ് അട്ടിമറിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 338 (9), 338 എ (9) എന്നിവയുടെ പ്രത്യക്ഷ ചട്ടലംഘനമാണ് ഇതോടെ നടന്നത്.
പ്രതിപക്ഷത്ത് നിന്നും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ‘ആര്‍.എസ്.എസ്, ബി.ജെ.പി അനുകൂലികളെ ഉന്നത തല തസ്തികയില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ പുതിയ നയമെന്നും ഇത് ഭാവിയില്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ നേരിട്ട് സ്വാധീനം ചെലുത്താനാവുമെന്നും’ യു.പി യിലെ കോൺഗ്രസ്സ് നേതാവ് പി.എല്‍.പുനിയ അഭിപ്രായപ്പെട്ടു. പി.എല്‍.പുനിയയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും ഉന്നത തല സര്‍ക്കാര്‍ റാങ്കുകളില്‍ ‘സംഘികളെ’ ഉള്‍പ്പെടുത്താനുള്ള ശ്രമമാണിതെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
‘ഈ മനുവാദി സര്‍ക്കാര്‍ എങ്ങനെയാണു യു.പി.എസ്.സി.യെ തഴഞ്ഞു പരീക്ഷ നടത്താതെ ജോയിന്റ് സെക്രട്ടറി പോലുള്ള പ്രധാന തസ്തികകളില്‍ ഇഷ്ടപ്പെടുന്നവരെ നിയമിക്കാന്‍ കഴിയുന്നത്? ഇങ്ങനെയാണെങ്കില്‍ ഇവര്‍ നാളെ തിരെഞ്ഞെടുപ്പ് നടത്താതെ പ്രധാനമന്ത്രിയെയും നിയമിക്കുമല്ലോയെന്നും ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തതു.ഇത് തീര്‍ത്തും ഭരണഘടനയുടെയും സംവരണത്തിന്റെയും ലംഘനമാണെന്നും സംഭവത്തോട് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു.