ന്യൂഡൽഹി :
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ ജനാധിപത്യം വരും തലമുറയെ അറിയിക്കാതിരിക്കാനുള്ള കരുക്കളാണ് ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പി സര്‍ക്കാര്‍ നീക്കി കൊണ്ടിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് തുടങ്ങിയ പ്രവര്‍ത്തനങ്ങളിന്ന് ചരിത്രത്തെ മായ്ച്ച് കളയുന്നിടത്താണ് എത്തിനില്‍ക്കുന്നത്. വരും തലമുറയെ തങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ വാര്‍ത്തെടുക്കുകയാണ് പുതിയ വിദ്യാഭ്യാസ നയങ്ങളത്രയും. പല പാഠഭാഗങ്ങള്‍ ഒഴിവാക്കിയതും, മാറ്റിയെഴുതിയതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.
ഏറ്റവും ഒടുവില്‍ സി.ബി.എസ്.ഇ പത്താം തരത്തിലെ സിലബസിലാണ് പുതിയ കൈക്കടത്ത്. സാമൂഹ്യശാസ്ത്രത്തിലെ ‘ഡെമോക്രാറ്റിക്‌സ് പോളിറ്റിക്‌സ്’ ഭാഗം ഒന്നിലെ പ്രധാനപ്പെട്ട മൂന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി 2019-2020 അധ്യായന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷകളില്‍ നിന്ന് ഈ പാഠം ഭാഗം ഒഴിവാക്കിയതായി സി.ബി.എസ്.ഇ അറിയിച്ചു. ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, എന്നീ ഭാഗങ്ങളാണ് വാര്‍ഷിക പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ മറ്റു പരീക്ഷകളില്‍ ഈ പാഠങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും സി.ബി.എസ്.ഇ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന പാഠഭാഗത്തിലുള്‍പ്പെട്ട രാഷ്ട്രീയ പരിഷ്‌കരണം, ജനാധിപത്യ പുനര്‍വായനകള്‍ തുടങ്ങിയവയും ഇന്ത്യയില്‍ ജനാധിപത്യ വിപുലീകരണത്തിന് നേതൃത്വം നല്‍കിയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും കുറിച്ചുമെല്ലാം പഠിക്കുന്നത് വിദ്യാർത്ഥികളിൽ അധികഭാരം ചുമത്തുമെന്നും ഇത് വിദ്യാർത്ഥികളിൽ മറ്റു ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുമെന്നും സി.ബി.എസ്.ഇ അഭിപ്രായപ്പെട്ടു.
എന്നാല്‍ സി.ബി.എസ്.ഇ.യുടെ ഈ പുതിയ തീരുമാനത്തെ ഒരു വിഭാഗം അധ്യാപകര്‍ പൂര്‍ണമായും തള്ളി. വാര്‍ഷിക പരീക്ഷകളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന പാഠഭാഗങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ വിദ്യാർത്ഥികള്‍ മടിക്കുമെന്നത് കൊണ്ടാണിത്. കൂടാതെ വിദ്യാർത്ഥികള്‍ ചരിത്രത്തെ മനിസ്സിലാക്കാതെയും തിരിച്ചറിയാതെയും പോകുന്നതിനും ഈ വെട്ടിച്ചുരുക്കല്‍ കാരണമാകും. ഇത് വരും തലമുറയെ ചരിത്രാവബോധമില്ലാത്തവരാക്കി തീര്‍ക്കുമെന്നും അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
അതേസമയം വിദ്യാർത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരേ പോലെ ഗ്രഹിക്കാനും പഠിപ്പിക്കാനും സാധ്യമാകുന്ന രീതിയിലാണ് എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ രൂപകല്‍പന ചെയ്തതെന്നും ആവശ്യമുള്ള സമയങ്ങളില്‍ പ്രഗത്ഭരുടെ വിദഗ്ദ്ധ അഭിപ്രായങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും എന്‍.സി.ഇ.ആര്‍.ടി മുന്‍ ചെയര്‍മാന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ താല്പര്യങ്ങളെ സംരക്ഷിക്കുന്ന രീതിയിലാണ് സി.ബി.എസ്.ഇ യുടെ ഇടപെടലുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.