Wed. Jan 22nd, 2025

അഗർത്തല:

ത്രിപുരയിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നു നടക്കാനിരിക്കെ ബി.ജെ.പി, സി.പി.എം പാർട്ടികളിൽ നിന്നും കൂട്ടത്തോടെ പ്രവർത്തകർ കോൺഗ്രസിലേക്ക് ചേക്കേറുന്നു. 3500 പ്രവർത്തകരാണ് ആദ്യഘട്ട തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സിൽ എത്തിയതെന്ന് ത്രിപുര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പ്രദ്യോത് കിഷോർ ദേവ് ബർമൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിക്കാരായ ബി.ജെ.പി, ഐ.പി.എഫ്.ടി പ്രവർത്തകർ നടത്തിയ അക്രമ സംഭവങ്ങളിൽ മനം മടുത്താണ് അവരുടെ പ്രവർത്തകർ കോൺഗ്രസ്സിൽ ചേർന്നതെന്നാണ് പ്രദ്യോത് കിഷോർ നൽകുന്ന വിശദീകരണം. രണ്ടാം ഘട്ടത്തിൽ സുതാര്യവും, സമാധാനപൂർണ്ണവുമായ തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കണം എന്നാവശ്യപ്പെട്ടു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീറാം തരണികണ്ടിയെ സന്ദർശിക്കുമെന്നും കോൺഗ്രസ്സ് അധ്യക്ഷൻ അറിയിച്ചു. ത്രിപുരയിലെ പോലീസ് മേധാവി അഖിൽ കുമാർ ശുക്ല ബി.ജെ.പി ക്കു അനുകൂലമായി തിരഞ്ഞെടുപ്പ് സമയത്തു പ്രവർത്തിക്കുന്നു എന്നാണു കോൺഗ്രസ്സിന്റെ പരാതി.

ഏപ്രിൽ 11-നാണ് പടിഞ്ഞാറൻ ത്രിപുരയിലെ ആദ്യഘട്ട ലോക്സഭ തിരഞ്ഞെടുപ്പ് നടന്നത്. വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇതിന് പിന്നാലെ 464 പോളിങ് ബൂത്തുകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ക്രമസമാധാന നില ചൂണ്ടിക്കാട്ടിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരം ഏപ്രിൽ 18 ന് നടക്കാനിരുന്ന ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് രാഷ്ട്രപതി മാറ്റി വച്ചിരുന്നു. ഈ മാസം 23ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.

കോൺഗ്രസിലേക്ക് വന്നവരിൽ മുൻ എം.എൽ എ കൂടിയായ അശോക് കുമാർ ബൈദ്യയും ഉൾപ്പെടുന്നു.കഴിഞ്ഞ മാസം ത്രിപുര ബി.ജെ.പി ഉപാധ്യക്ഷൻ സുബൽ ഭൗമിക് പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്നിരുന്നു. അദ്ദേഹമാണ് പടിഞ്ഞാറൻ ത്രിപുരയിൽ കോൺഗ്രസ്സ് ടിക്കറ്റിൽ ജനവിധി തേടുന്നത്.

സംസ്ഥാനത്തെ ഗോത്രവര്‍ഗങ്ങള്‍ക്കെതിരായ സര്‍ക്കാറിന്റെ നിയമനിര്‍മാണങ്ങളില്‍ പ്രതിഷേധിച്ചും പൗരത്വ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി ബി.ജെ.പി ക്ക് കീഴടങ്ങുന്നുവെന്ന ആരോപണമുന്നയിച്ചായിരുന്നു ഐ.പി.എഫ്. ടി സംസ്ഥാന ഉപാധ്യക്ഷനായ അനന്ത ദേബ്ബര്‍മ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.അനന്തയെക്കൂടാതെ ഐ.പി.എഫ്.ടി യുടെ നാലു ഡിവിഷനല്‍ പ്രസിഡന്റുമാരും, സെക്രട്ടറിമാരും, മുന്നൂറിലേറെ അണികളും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് ഡസന്‍ കണക്കിന് നേതാക്കാന്‍മാരും, പതിനായിരക്കണക്കിന് പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുമെന്ന ബി.ജെ.പി യുടെ നിലപാടാണ് വടക്ക് കിഴക്ക് മേഖലയില്‍ കോണ്‍ഗ്രസിന് അനുഗ്രഹമായിത്തീരുന്നത്. ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് കടന്നുവന്നിരിക്കുന്നത്.

അതിനിടയിൽ ത്രിപുരയിൽ ഭരണം നഷ്ടപ്പെട്ട സി.പി.എമ്മിലെ പ്രവർത്തകരെ ബി.ജെ.പിക്കാർ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യുന്നതിൽ നിന്നും തടയുന്നു എന്ന പരാതി ഉയർത്തിയിട്ടുണ്ട്. വോട്ടു ചെയ്താൽ നിങ്ങൾക്കും ഈ ഗതി വരും എന്ന് ഭീഷണിപ്പെടുത്തിയ പോസ്റ്ററുകൾ “കോഴിത്തലയോടൊപ്പം” ചേർത്ത് വെച്ച് സി,പി.എം അണികളുടെ വീടുകൾക്ക് മുന്നിൽ പതിക്കുന്നു എന്നാണ് പരാതി. എന്നാൽ ഇത്തരത്തിൽ പരാതികളൊന്നും തങ്ങൾക്കു ലഭിച്ചിട്ടില്ല എന്നാണു പോലീസ് ഭാഷ്യം.

Leave a Reply

Your email address will not be published. Required fields are marked *