തൂത്തുക്കുടി :
ഡി.എം.കെ സ്ഥാനാർത്ഥിയും രാജ്യസഭാ എം.പിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്‍ഡ്. ഡി.എം.കെ യുടെ ദേശീയ മുഖമായ കനിമൊഴിയുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലയിംഗ് സ്ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്‍റെ പത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്‍ഡ് നടത്തുന്നത്. എന്നാൽ ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കണക്കിൽപ്പെടാത്ത 11 കോടിയോളം രൂപ തമിഴ്‍നാട്ടിലെ വെല്ലൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധമുള്ള ഗോഡൗണിൽ നിന്ന് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിൽ ആണ് തൂത്തുകുടിയിലെ റെയ്‌ഡ് എന്നാണു സൂചന. വെല്ലൂരിലെ തിരഞ്ഞെടുപ്പ് രാഷ്‌ട്രപതി ഇടപെട്ടു റദ്ദാക്കിയിരുന്നു.
അതേസമയം, ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് ഡി.എം.കെയും സ്റ്റാലിനും രംഗത്തെത്തി. റെയ്ഡിന് പിന്നിൽ നരേന്ദ്ര മോദിയാണെന്നു ആരോപിച്ച സ്റ്റാലിൻ, മോദി രാഷ്ട്രീയ പക പോക്കലാണ് നടത്തുന്നതെന്നും കൂട്ടിച്ചേർത്തു. ഡി.എം.കെ പ്രവർത്തകർ റെയ്ഡ് നടക്കുന്ന കനിമൊഴിയുടെ വീടിനു മുന്നിൽ പ്രതിഷേധം തുടരുകയാണ്.