Sat. Apr 27th, 2024
ദാഹോദ് (ഗുജറാത്ത്):

മനേകാ ഗാന്ധിക്ക് പിന്നാലെ വോട്ടർമാരെ ഭീഷണിപ്പെടുത്തി ഗുജറാത്തിലെ ഫത്തേഹ് പുരയിലെ ബി.ജെ.പി എം.എൽ.എ രമേശ് കറ്റാര. ഗുജറാത്തിലെ പോളിങ് ബൂത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, കോൺഗ്രസിന് വോട്ട് ചെയ്യുന്ന ആളുകളെ ഇതിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നും, അങ്ങനെ തിരിച്ചറിഞ്ഞാൽ പിന്നീട് അവർക്ക് ജോലിയുണ്ടാവില്ലെന്നുമാണ് ഭീഷണി.

ദാഹോഡിലെ ബി.ജെ.പി സ്‌ഥാനാർത്ഥിയായ ജസ്വന്ത് ബാബോറിന് വേണ്ടി പ്രചാരണം നടത്തുമ്പോഴാണ് എം.എൽ.എ യുടെ വിവാദ പരാമർശം ഉണ്ടായത്.
“നിങ്ങൾ പോളിങ് ബൂത്തിൽ പോകുമ്പോൾ, അവിടുള്ള വോട്ടിംഗ് മെഷീനിൽ ബി.ജെ.പി. ചിഹ്നവും ജസ്വന്തിന്റെ ഫോട്ടോയും കാണും. അത് സസൂക്ഷ്മം കുത്തുക. നിങ്ങൾ കോൺഗ്രസിനാണോ കുത്തുന്നതെന്നറിയാനായി നരേന്ദ്ര മോഡി ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്.” എന്നിങ്ങനെയായിരുന്നു പരാമർശം. മാത്രവുമല്ല, പോളിങ് ഏറ്റവും കുറഞ്ഞ ബൂത്തിലെ വോട്ടർമാരെ കണ്ടെത്തുകയും അവരുടെ ജോലി തെറിപ്പിക്കുകയും ചെയ്യുമെന്നും എം.എൽ.എ പൊതു സമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പി.യുടെ ദേശീയ നേതാക്കൾക്കെല്ലാം തന്നെ തിരഞ്ഞെടുപ്പ് സമയത്ത് വിവാദ പരാമർശങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം മനേകാ ഗാന്ധിയെ മുസ്ളീം വോട്ടർമാരെ അധിക്ഷേപിച്ചു സംസാരിച്ചതിന്റെ പേരിൽ രണ്ടു ദിവസത്തെ പ്രചാരണത്തിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും വിവാദ പരാമർശത്തിന്റെ പേരിൽ വിലക്ക് കിട്ടിയിരുന്നു. എന്നിട്ടും പല ബി.ജെ.പി നേതാക്കളും കൂസലില്ലാതെയാണ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *