ന്യൂഡൽഹി:
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് അതിരുകടക്കുന്ന പ്രസംഗങ്ങങ്ങളും, പരാമർശങ്ങളും നടത്തുന്ന നേതാക്കൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു. ഇത് വരെ നാലു പ്രമുഖ നേതാക്കൾക്കെതിരെയാണ് നടപടി വന്നിട്ടുള്ളത്. കുറെ പേർക്ക് കാരണം കാണിക്കൽ നോട്ടീസും തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ചിട്ടുണ്ട്.
മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷപ്രസംഗം നടത്തിയതിനാണ് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്ഥാനാർത്ഥിയായ മേനക ഗാന്ധി തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ മുസ്‌ലിംകൾക്കു തൊഴിൽ നൽകാനാവില്ലെന്നാണ് പ്രചാരണ യോഗത്തിൽ പറഞ്ഞത്. “ഞാൻ ഇവിടെ വിജയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, മുസ്‌ലിംകൾ വോട്ടു ചെയ്യാതെയാണ് എന്റെ വിജയമെങ്കിൽ അത് എന്നെ സന്തോഷിപ്പിക്കില്ല. മനസ്സിൽ അതൊരു കയ്പാകും. എന്നിട്ട് ഒരു മുസ്‌ലിം ജോലി തേടി എന്നെ സമീപിക്കുമ്പോൾ, ഞാൻ വിചാരിക്കും എന്തിനു ജോലി കൊടുക്കണം?” ഇങ്ങനെയായിരുന്നു മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ തുറാബിൽ തിരഞ്ഞെടുപ്പ് റാലിയിൽ മേനകയുടെ വിവാദ പരാമർശം.
ഇതെല്ലാം ഒരു കൊടുക്കൽ വാങ്ങൽ ഇടപാട് അല്ലേ? നാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ..ഞാൻ ജയിച്ചു കഴിഞ്ഞു. പക്ഷേ, നിങ്ങൾക്ക് എന്നെ ആവശ്യം വരും. ഈ ബൂത്തിൽ നിന്ന് നൂറോ അൻപതോ വോട്ടു കിട്ടും. എല്ലാം കഴിഞ്ഞ് നിങ്ങൾ ജോലി തേടി എന്റെയടുത്തു വരും… ഇനി തീരുമാനമെടുക്കേണ്ടതു നിങ്ങളാണ്’– 3 മിനിറ്റ് പ്രസംഗത്തിൽ മേനക പറഞ്ഞു.
വോട്ടുകുറഞ്ഞാല്‍ ഗ്രാമങ്ങളുടെ വികസനം കുറയുമെന്ന മറ്റൊരു വിവാദ പ്രസംഗവും മേനക ഗാന്ധി നടത്തിയിരുന്നു. “ബി.ജെ.പി ക്ക് 80 ശതമാനം വോട്ടുകിട്ടുന്ന ഗ്രാമങ്ങള്‍ ‘എ’ വിഭാഗം, 60 ശതമാനം കിട്ടുന്ന ഗ്രാമം ‘ബി’, 50 ശതമാനം കിട്ടുന്നവ ‘സി’ വിഭാഗം, മുപ്പതും അതിനുതാഴെയും കിട്ടുന്നവ ‘ഡി’ എന്നീ വിഭാഗങ്ങളാക്കി തരംതിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വികസനം നടത്തുക.” എന്നായിരുന്നു മകൻ വരുൺ ഗാന്ധി മത്സരിക്കുന്ന പിലിഭിത്തിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മേനക പ്രസംഗിച്ചത്.സുൽത്താൻപുർ പ്രസംഗം പരിശോധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ മേനക ഗാന്ധിക്ക് രണ്ടു ദിവസത്തെ പ്രചാരണ വിലക്ക് ഏർപ്പെടുത്തി.
ബിജെപി സ്ഥാനാർത്ഥി ജയപ്രദക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് അസം ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുത്തത്. “റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, നിങ്ങൾക്ക് 17 വർഷമെടുത്തു അവരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ. എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്” ഇങ്ങനെയായിരുന്നു അസം ഖാന്റെ വിവാദ പരമാർശം. രാംപുറിൽ നടത്തിയ പ്രചാരണ പരിപാടിയ്ക്കിടെയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി ജയപ്രദക്കെതിരെ അസം ഖാന്റെ വിവാദ പരാമര്‍ശം. തുടർന്ന് ചൊവ്വാഴ്ച രാവില പത്തു മണി മുതൽ 72 മണിക്കൂര്‍ നേരത്തേയ്ക്കാണ് ( മൂന്ന് ദിവസം) അസം ഖാനെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയത്.
നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനും ബി.എസ്.പി നേതാവ് മായവതിക്കുമെതിരെ സമാന സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുത്തിരുന്നു. മീററ്റിലെ യോഗത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് “ഇസ്‌ലാമിലെ അലിയും, ഹിന്ദു ദൈവം ഹനുമാനും” തമ്മിലുള്ള മൽസരമെന്ന് ഉപമിച്ചു വർഗ്ഗീയ പ്രസംഗം നടത്തിയ സംഭവത്തിലാണ് ആദിത്യനാഥിനു മൂന്നു ദിവസത്തെ പ്രചാരണ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഒരു പ്രത്യേക പാർട്ടിക്കു മുസ്‍ലിംകൾ വോട്ടു ചെയ്യരുതെന്ന ആഹ്വാനം മൂലമാണ് മായവതിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടു ദിവസത്തെ പ്രചാരണത്തിൽ നിന്നും മാറ്റി നിർത്തിയത്.