Mon. Nov 25th, 2024
#ദിനസരികള് 728

സുനില്‍ പി. ഇളയിടത്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് ‘അലയടിക്കുന്ന വാക്ക്’ എന്നാണ്. ഒരു മഹാസമുദ്രത്തിന്റെ അപാരതയേയും തിരമാലകളുടെ അപ്രവചനീയമായ പ്രഹരശേഷിയേയും ആ അലയടിക്കുന്ന വാക്ക് എന്ന പ്രയോഗം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു. അതുകൊണ്ടുതന്നെ എഴുത്തുകൊണ്ടെന്നതിനെക്കാള്‍ തന്റെ അതിസുന്ദരമായ പ്രഭാഷണ ചാതുരികൊണ്ട് സുനില്‍ പി. ഓര്‍മിക്കപ്പെടുന്ന ഇക്കാലങ്ങളില്‍ ആ പ്രയോഗത്തിന് സവിശേഷമായ സൌന്ദര്യം കൂടി ലഭ്യമാകുന്നു.

ഇളയിടത്തിന്റെ പന്ത്രണ്ടു ലേഖനങ്ങളാണ്, രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നത്. ആദ്യഭാഗം സവിശേഷമായ പ്രമയേങ്ങളെ മുന്‍നിറുത്തിയും രണ്ടാം ഭാഗം വ്യക്തികളെ മുന്‍നിറുത്തിയുമാണ് വേര്‍തിരിച്ചിരിക്കുന്നതെന്ന പ്രത്യേകത മാത്രമേയുള്ളുവെന്ന് ആമുഖത്തില്‍ സുനില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിനുമപ്പുറം എല്ലാ പ്രബന്ധങ്ങളേയും സമഞ്ജസമായി കോര്‍ത്തിണക്കിക്കൊണ്ട് മാര്‍ക്സും മാര്‍ക്സിസവും സവിശേഷമായ ഒരു ചാരുതയായി വര്‍ത്തിക്കുന്നുണ്ട്.

ചരിത്രത്തിന്റെ വഴിമുട്ടലുകളില്‍ മാര്‍ക്സ് കടന്നു വരികയും ഓരോ സന്ദര്‍ഭത്തോടും സംവദിക്കുകയും ചെയ്തതെങ്ങനെ എന്ന അന്വേഷണം കൂടിയാണ് ഈ പുസ്തകത്തിലോ ഓരോ പ്രബന്ധവും. എന്നാല്‍ ചരിത്രത്തില്‍ മാര്‍ക്സിനെ അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയില്ലെന്നും വര്‍ത്തമാനകാലത്ത്, നമുക്കിടയില്‍ വേണം അദ്ദേഹത്തെ അന്വേഷിക്കാനെന്നുമുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി ഈ പുസ്തകം നിര്‍വ്വഹിക്കുന്നുണ്ട്. അതായത് നമുക്ക് മാര്‍ക്സിനെ ചരിത്രത്തിന്റെ ഇരുള്‍മുറികളിലേക്ക് മാറ്റി നിറുത്തുവാന്‍ കഴിയില്ലെന്നും അയാള്‍ നിരന്തരം നമ്മോട്, ജീവിക്കുന്ന ഒരു തലമുറയോട്, അഥവാ എല്ലാക്കാലത്തേയും ജീവിക്കുന്ന ഒരു തലമുറയോട് നിരന്തരം സംവദിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് അലയടിക്കുന്ന വാക്ക് പ്രഖ്യാപിക്കുന്നു.

ഈ പ്രഖ്യാപനത്തെ നമുക്ക് അത്ര നിസ്സാരമായി പരിഗണിക്കുവാന്‍ കഴിയില്ല. കഴിഞ്ഞ കാലങ്ങളില്‍ ലോകം കണ്ട ഏതൊരു ചിന്തകനും ചരിത്രത്തിലെ ചിന്തകന്‍ മാത്രമാണ്. നിങ്ങള്‍ക്ക് അയാളെ വര്‍ത്തമാനകാലത്തിന്റെ മൂല്യബോധങ്ങളിലേക്ക് കൊണ്ടുവന്ന് നിറുത്തി വിചാരണ ചെയ്യുവാന്‍ കഴിയുകയില്ല. കാരണം അയാള്‍ ചിന്തിച്ചത് താന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സമകാലികതയ്ക്കുവേണ്ടി മാത്രമാണ്.

അതുകൊണ്ടുതന്നെ അയാള്‍ കേവലം ചരിത്രത്തിലെ ചിന്തകന്‍ മാത്രമായി നിലകൊള്ളുന്നു. മാര്‍ക്സാകട്ടെ തികച്ചും വിഭിന്നനായിരിക്കുന്നത് അദ്ദേഹം ചരിത്രത്തിലില്ല എന്നതുകൊണ്ടുതന്നെയാണ്. ബ്രിട്ടനിലെ ഏതോ കുഴിയില്‍ കിടക്കുന്ന മാര്‍ക്സും ഇന്ന് നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്സും നമ്മില്‍ വിദൂരമായ ഏതോ ച്ഛായ കണ്ടെത്തിയേക്കാം എന്നേയുള്ളു. വിപ്ലവത്തിന്റെ കാലത്ത് റഷ്യന്‍ നേതാക്കളെ നയിച്ച മാര്‍ക്സും ഇന്ന് ഫ്രാന്‍സിലെ കഫറ്റേരിയയിലിരുന്ന് എയര്‍‌ഹോസ്റ്റസിനോട് കുശലം പറയുന്ന മാര്‍ക്സും തമ്മില്‍ അജഗജാന്തരമുണ്ട്. പാവപ്പെട്ട തൊഴിലാളിക്കും കൂലിവേലക്കാരനും വേണ്ടിയാണ് മാര്‍ക്സ് ചിന്തിച്ചതെങ്കില്‍ ഇന്ന് അവരെക്കാള്‍ കൂടുതല്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് മാര്‍ക്സിനെ കൂടുതലായി ആവശ്യം വരുന്നതെന്ന് ഹോബ്സ് ബോം പറയുന്നത് കൂടി കൂട്ടി വായിക്കുക.

മാര്‍ക്സിന്റെ രചനാജീവിതത്തെക്കുറിച്ചാണ് പുസ്തകത്തിലെ ഒന്നാമത്തെ ലേഖനം ചര്‍ച്ച ചെയ്യുന്നത് “…… ഒരു ഗ്രന്ഥകാരന്‍ എന്ന നിലയില്‍ തന്റെ ജീവിതകാലത്ത് ഏറെയൊന്നും വിജയിച്ച ഒരാളായിരുന്നില്ല. അത്യന്തം കാവ്യത്മകമായ ഭാഷയില്‍ ചിന്തയുടെ പുതിയ പുതിയ ലോകങ്ങളിലൂടെ അതിവേഗ പാഞ്ഞുപൊയ്ക്കൊണ്ടിരുന്നവയായിരുന്നവയായിരുന്നുവെങ്കിലും മാര്‍ക്സിന്റെ രചനകള്‍ പത്തൊമ്പതാം ശതകത്തിലെ ബൌദ്ധിക ജീവിതത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെടുകയോ വിലമതിക്കപ്പെടുകയോ ചെയ്തില്ലെന്നാണ് മാര്‍ക്സിസത്തിന്റെ ചരിത്രകാരനായ എറിക് ഹോബ്സ്ബാം പറയുന്നത്.”

ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളിലായി മാര്‍ക്സ് എഴുതിയിട്ടുള്ള കൃതികളുടെ മൂന്നിലൊന്നു പോലും അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായില്ല. എന്നല്ല ഇത്രകാലത്തിനു ശേഷവു അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സമ്പൂര്‍ണ ശേഖരത്തെ നമുക്ക് ലഭിച്ചിട്ടില്ല. ആ തലത്തിലുള്ള പ്രയത്നം സോവിയറ്റു യൂണിയന്റെ കാലത്ത് നടന്നിരുന്നുവെങ്കിലും തകര്‍ച്ചയോടുകൂടി പാതി വഴിക്കു നിലയ്ക്കുകയാണുണ്ടായത്.

ആംസ്റ്റര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഹിസ്റ്ററി ആ പ്രയത്നം ഏറ്റെടുക്കുകയും 2030 ഓടെ പൂര്‍ത്തീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുയും ചെയ്യുന്നു. ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലേഖനമായി ഞാന്‍ കരുതുന്നത് മാര്‍ക്സ് / അംബേദ്കര്‍ : സംവാദങ്ങള്‍, വിനിമയങ്ങള്‍ ആണ്. “തൊഴിലാളി വര്‍ഗ്ഗത്തിന്റെയും അധ്വാനത്തിന്റേയും വിമോചനം വഴി നിലവില്‍ വരാനിരിക്കുന്ന അന്യവത്കൃതമല്ലാത്ത മനുഷ്യ ജീവിതമായിരുന്നു മാര്‍‌ക്സിന്റെ അന്തിമസ്വപ്നം. ജാതി നിര്‍മൂലനത്തിലൂടെ സാക്ഷാല്‍കൃതമാകേണ്ട ഇന്ത്യയിലെ മര്‍ദ്ദിത ജനതയുടെ വിമോചനമാണ് അംബേദ്കര്‍ സ്വപ്നം കണ്ടത്” എന്ന് മാര്‍‌ക്സിനേയും അംബേദ്കറിനേയും സുനില്‍ താരതമ്യപ്പെടുത്തുന്നുണ്ട്.

പൊതുവേ രണ്ടുതരം നെറികേടുകളെയാണ് മാര്‍ക്സും അംബേദ്കറും അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചതെന്ന് നമുക്ക് പറയാം. മാര്‍ക്സ് സാമ്പത്തിക അസമത്വങ്ങളേയും അംബേദ്കര്‍ സാമൂഹിക അസമത്വങ്ങളെയുമാണ് തുടച്ചു നീക്കുവാന്‍ വെപ്രാളപ്പെട്ടത്. അവരെ രണ്ടു പേരെയും – ആത്യന്തികമായി മനുഷ്യന്റെ നന്മ മാത്രം ഉദ്ദേശിച്ച രണ്ടുപേരെയും – ഏതൊക്കെ വിതാനങ്ങളില്‍ യോജിപ്പിച്ചു നിറുത്താമെന്ന് പ്രൌഢഗംഭീരമായ ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു. നമ്മുടെയിടയിലെ പലരും കരുതുന്നതുപോലെ വിരുദ്ധ ധ്രുവങ്ങളില്‍ വിഘടിച്ചു മാറിനില്ക്കേണ്ടവരല്ല മാര്‍ക്സിസ്റ്റുകളും അംബേദ്കറൈറ്റുകളുമെന്ന് സുനില്‍ ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ജാതിവ്യവസ്ഥ നിലനില്ക്കുന്ന ഒരു സമൂഹത്തില്‍ മാര്‍ക്സിന് പ്രവര്‍ത്തിക്കാനാകില്ല.

മുതലാളിത്തം ജാതിയെ നിലനിറുത്തിക്കൊണ്ട് അതിന്റെ സാധ്യതകളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മാര്‍ക്സ് മുതലാളിത്തത്തേയും അതുവഴി ജാതീയതയേയും ഏതൊക്കെ വിധത്തിലാണ് എതിര്‍ത്തു നില്ക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ചൂണ്ടുപലകയായി ഈ ലേഖനം മാറുന്നു.

അലയടിക്കുന്ന വാക്കിലെ ഓരോ ലേഖനങ്ങളേയും നാം കരുതലോടെ ചര്‍ച്ചക്കെടുക്കേണ്ടതുണ്ട്. ഈ പുസ്കം ചര്‍ച്ച ചെയ്യുന്ന അതിപ്രധാനവും വിശാലവുമായ ലോകങ്ങളെ ഒരു കുറിപ്പിന്റെ പരിമിതിയിലേക്ക് കുറുക്കിയെടുക്കുവാന്‍ കഴിയുകയില്ലല്ലോ. അതുകൊണ്ട് പുസ്തകത്തിലേക്കുള്ള വഴികാണിക്കുന്ന ഒരു ക്ഷണക്കത്തു മാത്രമായി ഈ ഈ കുറിപ്പിനെ കാണുക. വരിക, ഈ പുസ്തകം കൈയ്യിലെടുക്കുക, മനുഷ്യരൊടൊപ്പം ചേര്‍ന്നു നില്ക്കുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *